Connect with us

Kerala

പതിമൂന്നാം നിയമസഭയിലെ രണ്ടാമത്തെ സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം; പതിമൂന്നാം കേരള നിയമസഭ സ്വീകരിച്ച രണ്ടാമത് സസ്‌പെന്‍ഷന്‍ നടപടിയാണ് ഇന്നലെത്തേത്. താക്കീതും ശാസനയും പലര്‍ക്കും പലതവണ ലഭിച്ചിട്ടുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ എന്ന അച്ചടക്ക നടപടി അപൂര്‍വമാണ്. നിയമസഭാ ചരിത്രത്തില്‍ ഇരുപതിലേറെ പേര്‍ ഇതിനകം ഈ നടപടിക്ക് വിധേയരായിട്ടുണ്ടെന്നാണ് രേഖകള്‍.

ഏറ്റവുമൊടുവില്‍ ടി വി രാജേഷും ജയിംസ് മാത്യുവുമാണ് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍. അന്ന് ഇരുവരെയും രണ്ട് ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ബജറ്റ് ദിവസത്തെ സംഘര്‍ഷത്തില്‍ ഉപകരണങ്ങ ള്‍ നശിപ്പിച്ചവര്‍ക്കും സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവര്‍ ക്കുമെതിരെ മാത്രമാണ് ഇപ്പോള്‍ നടപടിയെടുത്തത്. വി ശിവന്‍കുട്ടി, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവരാണ് ഉപകരണങ്ങള്‍ നശിപ്പിച്ചത്. സ്പീക്കറുടെ ഡയസിലുള്ള മൈക്ക്, എമര്‍ജന്‍സി ലാമ്പ്, കമ്പ്യൂട്ടര്‍ സിസ്റ്റം തുടങ്ങിയവയാണ് ഇവര്‍ തകര്‍ത്തത്. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞതിനാണ് ഇ പി ജയരാജനും കെ ടി ജലീലിനുമെതിരായ നടപടി. സ്പീക്കറുടെ കസേര ആദ്യം ജയരാജനാണ് തട്ടിയിട്ടത്. ജലീല്‍ അത് ഒരു വശത്തേക്ക് നീക്കി. ജയരാജന്‍ തന്നെ അത് ഡയസില്‍ നിന്ന് തട്ടിതാഴെയിടുകയും ചെയ്തു. എന്‍ ശക്തന്‍ സ്പീക്കര്‍ പദവിയേറ്റെടുത്ത രണ്ടാം ദിവസമാണ് ഇത്രയും വലിയ സംഘര്‍ഷമുണ്ടായതും നടപടിയിലേക്ക് നയിച്ചതും.
ഇപ്പോള്‍ സഭയിലുള്ള കോടിയേരി ബാലകൃഷ്ണനും കോലിയക്കോട് കൃഷ്ണന്‍ നായരുമെല്ലാം മുമ്പ് സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയരായവരാണ്. അന്തരിച്ച എം വി രാഘവന് രണ്ട് തവണ സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഒരു തവണ സസ്‌പെന്‍ഷന്‍ ലഭിച്ചത് സി പി എം എല്‍ എല്‍എമാരോടൊപ്പം പ്രതിഷേധത്തി ല്‍ പങ്കെടുത്തതിനാണ്. സി പി എം വിട്ട ശേഷവും ഒരിക്കല്‍ രാഘവന് സസ്‌പെന്‍ഷന്‍ ലഭിച്ചു.
സ്പീക്കറുടെ ഡയസിലുണ്ടായിരുന്ന മൈക്കെടുത്ത് സ്പീക്കര്‍ക്കു നേരെ എറിഞ്ഞ എം എ കുട്ടപ്പനെ 1988 മാര്‍ച്ച് 16ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമ്മേളനം അവസാനിക്കുന്നതു വരെയായിരുന്നു സസ്‌പെന്‍ഷന്‍. സ്പീക്കറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സുന്ദരം എം എല്‍ എയെ ഒരാഴ്ചത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. നായനാരാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്.
കൂടുതല്‍ എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന റെക്കോര്‍ഡ് സ്പീക്കറായിരുന്ന വക്കം പുരോഷത്തമനാണ്. എം വി രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോ ട് കൃഷ്ണന്‍ നായര്‍ എന്നിവരെല്ലാം വക്കം ചട്ടം മുറുക്കിയപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവരാണ്. ഇവര്‍ക്കെതിരെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് നടപടി സ്വീകരിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ ഡയസില്‍ കയറി ഫയലുകള്‍ നശിപ്പിച്ചതിനും ഫോണ്‍ സംവിധാനം തകര്‍ത്തതിനും അന്നത്തെ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതുവരെയായി രുന്നു സസ്‌പെന്‍ഡ് ചെയ്തത്. തൊട്ടടുത്ത ദിവസം സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധിച്ചു. ഫയലുകള്‍ കീറി എറിഞ്ഞതിനെ തുടര്‍ന്ന് കെ ജെ ജോര്‍ജ്, കെ മൂസക്കൂട്ടി, കെ പി രാമന്‍ എവര്‍ക്കെതിരെ നടപടിയെടുത്തു.
സ്പീക്കര്‍ പി പി തങ്കച്ചന്റെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതിനും ചീഫ് മാര്‍ഷലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും എ പത്മകുമാറിനെയും എ കണാരനെയും 1993 ഫെബ്രുവരി ഒന്‍പതിന് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്.
സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയതിനും വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിനും മന്ത്രി ഗണേഷ് കുമാറിനെ ആക്രമിച്ചതിനും എം വി ജയരാജന്‍, പി എസ് സുപാല്‍, രാജു എബ്രഹാം എന്നിവരെ സമ്മേളനം കഴിയുന്നതുവരെ 2001 ല്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സസ്‌പെന്‍ഡ് ചെയ്തി രുന്നു. മുഖ്യമന്ത്രി എ കെ ആന്റണിയാണ് അന്ന് പ്രമേയം അവതരിപ്പിച്ചത്.