പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം ആഗസ്റ്റില്‍

Posted on: March 16, 2015 11:33 pm | Last updated: March 16, 2015 at 11:33 pm
SHARE

ration card>>ഫോട്ടോ എടുക്കാത്തവര്‍ക്കായി വീണ്ടും ക്യാമ്പ്

തിരുവനന്തപുരം: പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തുടക്കത്തിലുണ്ടായ അപാകതകള്‍ ഒഴിച്ചാല്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ വളരെ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ഇതുവരെ 71 ലക്ഷം പേരുടെ ഫോട്ടോകള്‍ എടുത്തുകഴിഞ്ഞു. സംസ്ഥാനത്ത് 84 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇനി 503 ക്യാമ്പുകളാണ് പൂര്‍ത്തിയാക്കാനുള്ളത്. അത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഫോട്ടോ എടുക്കാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും ക്യാമ്പുകള്‍ സംഘടിപ്പിക്കും.
20 റേഷന്‍ കടകള്‍ ഒരു ക്യാമ്പ് എന്ന നിലയിലും പിന്നീട് അവശേഷിക്കുന്നവര്‍ക്കായി താലൂക്ക് ആസ്ഥാനത്തും ക്യാമ്പുകള്‍ നടത്തും. കിടപ്പിലായ രോഗികള്‍ക്ക് മൊബൈല്‍ ഫോട്ടോ യൂനിറ്റുകള്‍ ഏര്‍പ്പടുത്തും. എന്നാല്‍, ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് മതിയായ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.