Connect with us

Gulf

കുടുംബ സമേതം യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി ഇത്തിഹാദ് എ 380

Published

|

Last Updated

അബുദാബി; സാധാരണക്കാരന് കുടുംബ സമേതം ഒന്നിച്ച് ഒരു വീട്ടിലിരുന്ന് ഇടപഴകുന്നത് പോലെ യാത്ര ചെയ്യുവാന്‍ സൗകര്യമൊരുക്കി ഇത്തിഹാദ് എ 380.

സമ്പന്നര്‍ മാത്രം യാത്ര ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന വിമാനമാണ് കുറഞ്ഞ ചിലവില്‍ സാധാരണക്കാരനും യാത്ര ചെയ്യാന്‍ ഇത്തിഹാദ് സൗകര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അബുദാബി എമിറേറ്റ്‌സ് പാലസില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ ഇത്തിഹാദ് എയര്‍ ലൈന്‍സ് അധികൃതര്‍ എ 380 വിമാനം പരിചയപ്പെടുത്തി.
ആധുനിക രീതിയില്‍ നിര്‍മിച്ച വിമാനത്തില്‍ ഒറ്റമുറി, രണ്ട് മുറി, മൂന്ന് മുറി എന്നീ സൗകര്യങ്ങളോട് കൂടി സജ്ജീകരിച്ചത് കൂടാതെ പ്രത്യേക ഹാളും, ടി വിയും ബാത്ത്‌റൂമും കുട്ടികള്‍ക്ക് കളിക്കുവാനും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകത്ത് ആദ്യമായി ഇത്തിഹാദാണ് ഇങ്ങനെ സൗകര്യമൊരുക്കുന്നത്. കുറഞ്ഞ നിരക്കായത് കൊണ്ട് തന്നെ സാധാരണക്കാരനും വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ കഴിയും.
കഴിഞ്ഞ മാസം സര്‍വീസ് ആരംഭിച്ച വിമാനം ഇപ്പോള്‍ ഇംഗ്ലണ്ടിലേക്കാണ് സര്‍വീസ് നടത്തുന്നത്. സമീപ ഭാവിയില്‍ സിഡ്‌നി, മുംബൈ എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.
എ 380 വിമാനത്തിനെ പരിചയപ്പെടുത്തുന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്നു. ഇത്തിഹാദിന്റെ സര്‍വീസും വ്യത്യസ്തതയുമാണ് 60 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ചിത്രത്തിന്റെ ഉള്ളടക്കം. നിക്കോള്‍ കിഡ്മാന്‍ ലൈബ്രറിയില്‍ നിന്നും നോവല്‍ വായിക്കുന്നതാണ് തുടക്കം. എ 380 വിമാനത്തെ പൂര്‍ണമായും പരിചയപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രം കാണുന്നതോടെ എ 380 വിമാനത്തെ യാത്രക്കാര്‍ക്ക് അടുത്തറിയുവാന്‍ കഴിയും.
അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടാതെ ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്നുമാണ് ചിത്രം ചിത്രീകരിച്ചത്. അബുദാബിയില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ല്യൂറെ മ്യൂസിയവും ചിത്രത്തിലുണ്ട്. ഈ ഹൃസ്വ ചിത്രത്തിന് നിക്കോള്‍ കിഡ്മാനാണ് യോജിച്ചതെന്ന കണ്ടെത്തലാണ് അവരെ നായികയായി തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് ഇത്തിഹാദ് അധികൃതര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയത് എം 8 സി ഓസ്‌ട്രേലിയ വിമാനം കണ്ടതോട് കൂടിയാണെന്ന് എം 8 സി ഡയറക്ടര്‍ ടോം മാക്ഫാര്‍ ലൈന്‍ വ്യക്തമാക്കി. ചിത്രം സംവിധാനം ചെയ്തത് ബ്രിട്ടീഷ് സംവിധായകനായ ഡാനിയന്‍ ലാന്റിംഗാണ്. ഇത്തിഹാദിന്റെ ക്യാബിന്‍ ക്രൂവിന്റെ പുതിയ ചിത്രവും സദസ്സിന് പരിചയപ്പെടുത്തി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest