Connect with us

Gulf

ഭവനങ്ങളില്‍ വൈദ്യുതിക്ക് സൗരോര്‍ജ പാനലുകള്‍ വരുന്നു

Published

|

Last Updated

ദുബൈ;സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി നേടാന്‍ വില്ലകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
ഇതിനകം 11 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പകുതി കുടുംബമായി താമസിക്കുന്നവരുടേതാണ്. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനലുകള്‍ വീടിനു മുകളില്‍ ഘടിപ്പിക്കാനാണ് അനുമതി ചോദിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കുന്ന എല്ലാ വഴികളെയും പ്രോത്സാഹിപ്പിക്കും. 1,500 ദിര്‍ഹം “ദിവ”യില്‍ കെട്ടിവെച്ചാല്‍ മതി. മറ്റു ഫീസുകള്‍ ഉണ്ടാകില്ല- സഈദ് അല്‍ തായര്‍ വ്യക്തമാക്കി.
വീടുകള്‍ക്കും മറ്റും സൗരോര്‍ജം ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്നലെ ദിവ തുടക്കം കുറിച്ചിട്ടുണ്ട്. ഏതാനും വര്‍ഷത്തിനകം എല്ലാ ഭവനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
2030 ആകുന്നതോടെ ഊര്‍ജ ഉപയോഗം 30% കുറക്കാമെന്ന ലക്ഷ്യം ദുബൈ സംയോജിത ഊര്‍ജ നയം വഴി സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ ദിവയും പങ്കാളിയാണ്. സുസ്ഥിരവും മികവുറ്റതുമായ നടപടികളിലൂടെ ദുബൈ എമിറേറ്റിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും ദുബൈ എനര്‍ജി സുപ്രീം കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. പുനരുപയോഗ ഊര്‍ജത്തിന്റെ ലോക കേന്ദ്രമായി ദുബൈയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് എനര്‍ജി അവാര്‍ഡ് ഊര്‍ജ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് എമിറേറ്റ്‌സ് ഊര്‍ജ അവാര്‍ഡ് നല്‍കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനത്തിന് ഹരിത സാമ്പത്തിക വ്യവസ്ഥയെന്ന ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് അവാര്‍ഡ്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കി, ഊര്‍ജ സംരംക്ഷണം നടത്തുന്നത് പ്രോല്‍സാഹിപ്പിക്കുന്നതു കൂടാതെ, യു എ ഇയുടെ സാമ്പത്തികവും പരിസ്ഥിതി സംബന്ധവുമായ വളര്‍ച്ച ത്വരിതപ്പെടുത്താനും അവാര്‍ഡ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഊര്‍ജോപയോഗത്തിലെ ഏറ്റവും മികച്ച രീതികളെ പ്രോല്‍സാഹിപ്പിക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി വൈസ് ചെയര്‍മാനും ദീവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.