അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 16, 2015 11:43 am | Last updated: March 17, 2015 at 10:50 am
SHARE

suspended MLAs
തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ച് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്ത്, ഡോ. കെ ടി ജലീല്‍ എന്നിവരെ പതിമൂന്നാം സമ്മേളനം അവസാനിക്കും വരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ഡയസിലേക്ക് കയറി ഉപകരണങ്ങള്‍ നശിപ്പിക്കുകയും കസേര വലിച്ച് മാറ്റുകയും ചെയ്തതിനാണ് നടപടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ എതിര്‍പ്പോടെ സഭ പാസ്സാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ബജറ്റ് ചര്‍ച്ച ഒരു ദിവസമാക്കി സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് മുതല്‍ ഇരുപത് വരെ സഭ ചേരില്ല. 23ന് വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ടും 19ന് നിശ്ചയിച്ചിട്ടുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും 24ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ധനവിനിയോഗ ബില്ലും ചട്ടങ്ങള്‍ ഇളവ് ചെയ്ത് സഭ പരിഗണിക്കും. അന്നുതന്നെ സമ്മേളനം പിരിയാനാണ് സാധ്യത.

ഇന്നലെ ചോദ്യത്തോരവേളക്കു ശേഷം സഭ നിര്‍ത്തിവെച്ച സ്പീക്കര്‍ എന്‍ ശക്തന്‍, സമ്മേളനം സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനെകുറിച്ച് ഭരണ, പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയെങ്കിലും യോജിച്ച തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. രണ്ട് മണിക്കൂറിനു ശേഷം വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. വളരെ പ്രയാസത്തോടെയുള്ള കടമ നിര്‍വഹിക്കുന്നതിനാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അഞ്ച് എം എല്‍ എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. നടപടിക്ക് വിധേയരായ അംഗങ്ങള്‍, കഴിഞ്ഞ പതിമൂന്നിന് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് സ്പീക്കറുടെ ഡയസ്സില്‍ അനധികൃതമായി അതിക്രമിച്ചു കടക്കുകയും മേശപ്പുറത്തുള്ള കമ്പ്യൂട്ടര്‍, മൈക്ക്, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, എമര്‍ജന്‍സി ലാമ്പ് എന്നിവ നശിപ്പിക്കുകയും സ്പീക്കറുടെ കസേരയും ഫയലുകളും കടലാസുകളും ബലാത്കാരമായി എടുത്തെറിയുകയും സ്പീക്കറെ ഡയസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇത് സഭാധ്യക്ഷനോടും സഭയോടുമുള്ള കടുത്ത അനാദരവും അച്ചടക്കരാഹിത്യവും നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, എം എല്‍ എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏകപക്ഷീയമാണെന്നും അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. വനിതാ എം എല്‍ എമാരെ പീഡിപ്പിച്ച എം എല്‍ എമാര്‍ക്കെതിരെ നടപടി ഇല്ലെന്നും സ്ത്രീത്വത്തിനു സംരക്ഷണം നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും സ്പീക്കറെയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പാര്‍ലിമെന്ററിവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയോ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിന്നീട് സ്പീക്കര്‍ ഇടപെട്ട് വിവാദ പരാമര്‍ശങ്ങള്‍ നീക്കുകയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് റൂളിംഗ് നല്‍കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുഖ്യമന്ത്രിയുടെ പ്രമേയം പാസ്സാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
സസ്‌പെന്‍ഷന് വിധേയരായവര്‍ സഭ വിട്ടുപോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ബലപ്രയോഗത്തിലൂടെ എം എല്‍ എമാരെ പുറത്താക്കി അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം എല്‍ എമാരെ ഭരണകക്ഷി അംഗങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അടിയന്തരപ്രമേയവും ശ്രദ്ധക്ഷണിക്കലും സബ്മിഷനുമടക്കം ശൂന്യവേളയിലെ നടപടിക്രമങ്ങളെല്ലാം സ്പീക്കര്‍ റദ്ദാക്കി.
തുടര്‍ന്നാണ്, ബജറ്റിന്റെ പൊതുചര്‍ച്ച ഒരു ദിവസമായി ചുരുക്കാനും സമ്മേളനം വെട്ടിച്ചുരുക്കാനും ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഇത് പാസ്സാക്കിയതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നലെ പിരിഞ്ഞു. തുടര്‍ന്ന് പ്രകടനമായി സഭാകവാടത്തിലെത്തിയ പ്രതിപക്ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.