നിങ്ങള്‍ ചക്കിലിയന്‍മാരെ കുറിച്ച് കേട്ടിട്ടുണ്ടോ?

Posted on: March 16, 2015 10:57 am | Last updated: March 16, 2015 at 12:07 pm
SHARE

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ മീസല്‍ എന്ന പേരിലൊരു ഗ്രാമമുണ്ട്. പുറംലോകത്തു നിന്ന് നാല്‍പത് കിലോമീറ്ററെങ്കിലും ഉള്ളിലാണ് ഈ ഗ്രാമം. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിയാറില്ല. ശമ്പളവും ആനുകൂല്യവുമുള്ള അടിമകളെ ഉടമകള്‍ സൃഷ്ടിക്കുന്ന ഇന്ത്യയിലെ അസംഖ്യം നാടുകളിലൊന്നാണിതെന്ന് ഇവിടുത്തെ കഥകള്‍ കണ്ടറിഞ്ഞാല്‍ ആര്‍ക്കും ബോധ്യപ്പെടും. ചക്കിലിയന്‍മാര്‍ എന്ന ഒരു വിഭാഗം ആളുകള്‍ക്കാണ് ഇവിടെ എപ്പോഴും അടിമപ്പണി ചെയ്യേണ്ടി വരാറുള്ളത്. രാമനാഥപുരത്തിന്റെ ജാതി ഘടനയില്‍ ഏറ്റവും താഴെയുള്ള ഇവരോട് ഹരിജന്‍ വിഭാഗത്തിന്റെ ഇടയിലുള്ളവര്‍ക്ക് പോലും തൊട്ടുകൂടായ്മയുണ്ട്. പറഞ്ഞു വരുന്നത് മുടു കൊളത്തൂര്‍ താലൂക്കിലെ ചക്കിലിയന്‍മാരുടെ അടിമപ്പണിയെക്കുറിച്ചാണ്. ഇവിടെ ഇപ്പോഴും ഇങ്ങനെ അടിമപ്പണി നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ ആരും ഒന്നതിശയിച്ചുപോകും.
ഒരാളെ ഭൂവുടമ അടിമയാക്കുന്നത് ഇപ്രകാരമാണ്. വയറു വിശന്നു കഴിഞ്ഞാല്‍ എന്തിനും തയ്യാറാകുന്ന ചക്കിലയ കുടുംബക്കാര്‍ മക്കളെ ഉടമകള്‍ക്ക് പണയം വെക്കും. ഒരു വര്‍ഷത്തേക്ക് ആയിരം രൂപയ്ക്കാണ് കുടുംബത്തിലെ മൂത്ത മകനെ പണമിടപാടുകാരനായ ഭൂവുടമയ്ക്ക് പണയം വെക്കുക. രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഉടമയുടെ വീട്ടില്‍ ഓരോ ദിവസവും അടിമ പണയപ്പെടേണ്ടത്. ഭൂവുടമ പറയുന്ന സകല ജോലികളും ചെയ്യാന്‍ ബാധ്യതപ്പെട്ടയാളായിരിക്കും അടിമ. മാത്രമല്ല തന്റെ കുടുംബക്കാര്‍ കടം വാങ്ങിയ ആയിരം രൂപയ്ക്ക് പ്രതിവര്‍ഷം ആയിരം രൂപ തന്നെ പലിശയും നല്‍കണം. ഒരിക്കലും കടം തിരിച്ചു നല്‍കാന്‍ കഴിയാത്ത വീട്ടുകാര്‍ ജീവിത കാലം മുഴുവന്‍ മകനെ മോചിപ്പിക്കാനാകാതെ മനസ്സ് പൊള്ളി മരിച്ച് ജീവിക്കും.
ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും സഞ്ചരിച്ച പി സായ്‌നാഥെന്ന മാധ്യമ പ്രവര്‍ത്തകന്‍ വരച്ചിട്ട നമ്മുടെ നാട്ടിലെ സാമൂഹികജീവിതത്തിന്റെ ചിത്രങ്ങളിലൊന്നാണിത്. ഓരോ ദിവസം കഴിയും തോറും ദാരിദ്ര്യം പടച്ചുവിടുന്ന ഇന്ത്യയിലെ ഈ സാമൂഹികാവസ്ഥ കറുത്തിരുളുന്നുവെന്നല്ലാതെ യാതൊരു വിധ പരിവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴും വിധേയമാകുന്നില്ല. ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴുമ്പോഴോ, എന്തെങ്കിലും ദുരന്തങ്ങള്‍ അവര്‍ക്കുമേല്‍ പതിക്കുമ്പോഴോ മാത്രമാണ് ദാരിദ്ര്യം ചര്‍ച്ചയാകാറുള്ളത്. ക്ഷാമത്തോടടുത്തുള്ള ജീവിത സാഹചര്യങ്ങളെയും വിശപ്പുമൂലമുള്ള മരണങ്ങളെയും മാത്രമല്ല ദാരിദ്ര്യം എന്നതു കൊണ്ട് വിവക്ഷിക്കേണ്ടത്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് വാസ്തവത്തില്‍ ദാരിദ്ര്യം. പ്രതിശീര്‍ഷ വരുമാനത്തിലോ കലോറി ലഭ്യതയിലോ മാത്രം അതിനെ ഒതുക്കാനാകില്ല. ഭൂമിയുടെ ലഭ്യത, ആരോഗ്യം, വിദ്യഭ്യാസം, സാക്ഷരത, ശിശുമരണനിരക്ക്, കുടിവെള്ളം, കടങ്ങള്‍, ആയുര്‍ദൈര്‍ഘ്യം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദാരിദ്ര്യത്തിന്റെ അടിസ്ഥാന വിഷയങ്ങളായി കൂട്ടിവായിക്കേണ്ടതുണ്ട്.
ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010ല്‍ ലോകബേങ്ക് പുറത്തുവിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകള്‍ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദിനവരുമാനം ഏതാണ്ട് 1.25 അമേരിക്കന്‍ ഡോളറിനു തുല്ല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകള്‍ രണ്ട് അമേരിക്കന്‍ ഡോളറില്‍ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോല്‍ ആയി കണക്കാക്കുന്നത്.
ദാരിദ്ര്യം എന്ന ആഗോള പ്രതിഭാസത്തെ പൊതുവേ രണ്ടായി വിഭജിക്കാറുണ്ട് . പരിപൂര്‍ണ ദാരിദ്ര്യം എന്നും ആപേക്ഷിക ദാരിദ്ര്യം എന്നും. ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടാതെ പൂര്‍ണമായ സാമ്പത്തിക അടിച്ചമര്‍ത്തലിനു വിധേയമാകുന്ന അവസ്ഥയാണ് പരിപൂര്‍ണ ദാരിദ്ര്യം. സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അവസ്ഥയാണ്, ആപേക്ഷിക ദാരിദ്ര്യം. രാജ്യത്തെ ആളോഹരി വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വരുമാനപടിക്ക് താഴെ നില്‍ക്കുന്നവനാണ് ആപേക്ഷിക ദരിദ്രന്‍. വികസിത രാഷ്ട്രങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദരിദ്രരെയേ പൊതുവേ കാണാന്‍ കഴിയു. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയിലും ഉപസഹാറ ആഫ്രിക്കയിലും ആണ് പരിപൂര്‍ണ ദാരിദ്ര്യം ഭീകരമായി നിലനില്‍ക്കുന്നത്
ഐക്യരാഷ്ട്ര സംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയില്‍ ഏതാണ്ട് 37.2 ശതമാനം ആളുകള്‍ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ ദരിദ്രര്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് എന്ന സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്. യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ 42 ശതമാനം പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ഭാരക്കുറവ് ഉള്ളവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 58 ശതമാനം പേരും പോഷകാഹാരക്കുറവുകൊണ്ട് വളര്‍ച്ച മുരടിച്ചവരാണെന്നും റിപ്പോര്‍ട്ട് തുടര്‍ന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കന്‍ രാഷ്ട്രങ്ങളേക്കാള്‍ മോശമാണെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ നാന്ദി ഫൗണ്ടേഷന്‍ എന്ന സര്‍ക്കാറേതര സംഘടനയുടെ അംഗമായ രോഹിണി മുഖര്‍ജി അഭിപ്രായപ്പെടുന്നത്
എന്നാല്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ചെന്നും ചര്‍ച്ച ചെയ്യാനോ പഠിക്കാനോ ഒട്ടും സമയമില്ലെന്നുള്ളതാണ് കൗതുകകരമായ കാര്യം. രാമരാജ്യമെന്ന സങ്കല്‍പമുള്ള മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് കാലമേറയായിട്ടും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഉലകം ചുറ്റി നടന്ന് മേനി നടിക്കാനും ഇറച്ചി നിരോധിക്കാന്‍ നാടൊട്ടുക്കും ഓടിനടക്കാനുമെല്ലാം സമയം തികയാത്ത സംഘപരിവാര്‍ ഭരണനേതൃത്വത്തിന് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പഠിക്കാനും ഒരു താത്പര്യവുമില്ലെന്ന് ആര്‍ക്കും തിരിച്ചറയാവുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഭക്ഷ്യപ്രതിസന്ധി നിലനില്‍ക്കുന്ന സോമാലിയയുടെയും ഏത്യോപ്യയുടെയും പ്രശ്‌നങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ദാരിദ്ര്യാവസ്ഥയുടെ ഒരു മുഖം മാത്രമായ വിശപ്പ് ഇവിടെ കൂടുതല്‍ സങ്കീര്‍ണമാണ്. ഇന്ത്യയില്‍ അത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലാണ് ദൃശ്യമാകുന്നത്. ആര്‍ക്കും അതിന്റെ തീവ്രത വളരെപ്പെട്ടെന്ന് കണ്ണില്‍പെട്ടെന്ന് വരില്ല. സോമാലിയയില്‍ നിന്നും ഏത്യോപ്യയില്‍ നിന്നും ലഭിക്കുന്ന തരത്തില്‍ ദാരിദ്ര്യത്തിന്റെ ഒരു കാഴ്ച അതുകൊണ്ട് തന്നെ ഇവിടെ നിന്ന് ലഭിച്ചെന്നു വരികയുമില്ല. ലക്ഷക്കണക്കിന് വരുന്ന രാജ്യത്തെ ഗ്രാമീണ ദരിദ്രര്‍ക്ക് ആരോഗ്യ രക്ഷാസൗകര്യങ്ങളുമായും വിദ്യാഭ്യാസവുമായും എന്ത് സാമീപ്യമാണുള്ളത്. മറ്റ ്ഇന്ത്യക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവര്‍ അനുഭവിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അവരെ അതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്ന കാരണങ്ങള്‍ എന്താണ്? ഇതിനെക്കുറിച്ചെല്ലാമന്വേഷിക്കുന്നതിനു പകരം ദാരിദ്ര്യത്തെ നിര്‍മിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ചൂഷണത്തിന്റെ നിരവധി മുഖങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ ദയ നിറഞ്ഞ നോട്ടമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല.
ലോകബാങ്ക് ഏതാനു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ദാരിദ്ര്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു പറയുന്നുണ്ട്. എങ്കിലും ആ റിപ്പോര്‍ട്ടില്‍ തന്നെ 2015 ആകുമ്പോള്‍ ഏതാണ്ട് 53 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ നിയമങ്ങളും ലൈസന്‍സ് രാജ് എന്നു വിളിക്കപ്പെടുന്ന ചുവപ്പു നാട സമ്പ്രദായവും എല്ലാമാണ് ഇന്ത്യയില്‍ ദാരിദ്ര്യം ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ദാരിദ്ര്യത്തിന്റെ അളവ് ചൈന, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ തുല്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഒരുതരം അടഞ്ഞ എന്നാല്‍, സാമൂഹികമായ സമ്പദ്‌വ്യവസ്ഥയാണ് പുരോഗതിക്കായി സ്വീകരിച്ചത്. ഇത് കുറേയെറെ ഗുണം ചെയ്തു. 1991ലെ സാമ്പത്തിക നയങ്ങള്‍ പ്രകാരം ഇന്ത്യ അതിന്റെ വിപണി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. ഇത് ദാരിദ്ര്യം കുറയ്ക്കാന്‍ വളരേയെറെ സഹായിച്ചു. എന്നാല്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴോട്ടായതും ഭരണകൂടങ്ങളുടെ ജാഗ്രതക്കുറവില്ലായ്മയും വീണ്ടും വീണ്ടും ദാരിദ്ര്യത്തിന്റെ അളവ് കൂട്ടാന്‍ ഇടയാക്കി.
1990 കളില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഗ്രാമീണമേഖലയുടെ വളര്‍ച്ച പിന്നോട്ടടിക്കുന്നതിനു കാരണമായി. സാമ്പത്തിക സംതുലനാവസ്ഥ നഷ്ടപ്പെടുകയും, അതേസമയം തന്നെ ദാരിദ്ര്യത്തിന്റെ തോത് ഉയരുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചു പഠിച്ച പി സായ്‌നാഥിന്റെ കണ്ടെത്തല്‍, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ആകെ താറുമാറായി എന്നാണ്. സര്‍ക്കാറിന്റെ നവസാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ തകര്‍ച്ചക്ക് ആക്കം കൂട്ടി. പുതിയ സാമ്പത്തിക നയങ്ങള്‍ക്കു പകരം കൊടുക്കേണ്ടിവന്നത് കര്‍ഷകര്‍ക്ക് സ്വന്തം ജീവനായിരുന്നു. ഗ്രാമീണ മേഖലയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടി വന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1997 മുതല്‍ 2007 വരേയുള്ള കാലഘട്ടങ്ങളില്‍ ഏതാണ്ട് 2,00,000 കര്‍ഷകള്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായി പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് , മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി, ഭക്ഷ്യവിളകളുടെ ഉത്പാദനത്തില്‍ നിന്നും വ്യതിചലിച്ച് പകരം നാണ്യവിളകളിലേക്ക് മാറാന്‍ കര്‍ഷകരെ സര്‍ക്കാര്‍ പ്രേരിപ്പിച്ചു. ഇത് ഒരു പരിധിവരെ സഹായകരമാവുമായിരുന്നെങ്കിലും വിളകളുടെ വില നിശ്ചയിക്കുന്നത് വിപണിയിലെ വന്‍ശക്തികളായിരുന്നു. ചുരുക്കത്തില്‍ ഇടനിലക്കാര്‍ ലാഭം കൊയ്യാന്‍ തുടങ്ങി. ഇന്ത്യയുടെ ഓഹരി വിപണിയില്‍ ഒരു മുന്നേറ്റം ഇക്കാലത്ത് ഉണ്ടായെങ്കിലും ആ സമ്പത്ത് കേന്ദ്രീകരിച്ചത് സമൂഹത്തിലെ ഒരു ചെറിയ ശതമാനം ആളുകളുടെ പക്കലായിരുന്നു. ഏതാണ്ട് 47 ശതമാനം ആളുകള്‍ക്ക് മാത്രമേ എന്തെങ്കിലും തരത്തിലുള്ള ഓഹരികള്‍ കൈവശം ഉണ്ടായിരുന്നുള്ളു. ഇന്ത്യയില്‍ ലക്ഷാധിപതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ദേശീയമായി അത് ഒരു പ്രതിസന്ധിയെ നേരിടുകയായിരുന്നു.
110 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ 26 കോടിയാണ് സര്‍ക്കാറിന്റെ കണക്കില്‍ പരമ ദരിദ്രര്‍. ഇതില്‍ 49.5 ശതമാനം ദളിതരും 31 ശതമാനം മുസ്‌ലിംകളും ബാക്കി 19.5 ശതമാനം മറ്റുള്ളവരും. ഈ 19.5 ശതമാനത്തില്‍ മറ്റു പിന്നാക്കക്കാരെ മാറ്റിയാല്‍ സവര്‍ണര്‍ തുച്ഛം. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ടു 25 കോടിയോളം വരുന്ന ദളിതരില്‍ 13 കോടിയും 18 കോടിയില്‍ അധികം വരുന്ന മുസ്‌ലിംകളില്‍ ഒരു കോടിയോളവും ദിവസേന ഒരു ചായ പോലും കഴിക്കാന്‍ വകയില്ലാത്തവര്‍ ആണ്. അതേസമയം ഇന്ത്യയില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നതായി ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തിറക്കിക്കഴിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ദരിദ്രരുടെ എണ്ണത്തില്‍ സ്വാഗതാര്‍ഹമുണ്ടായ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ദാരിദ്ര്യ നിര്‍ണയത്തില്‍ ടെന്‍ഡുല്‍ക്കര്‍ രീതി തന്നെയാണ് ഇപ്പോഴും ആസൂത്ര കമ്മീഷന്‍ പിന്തുടരുന്നത്. ഇതനുസരിച്ച് നഗരങ്ങളില്‍ 33 രൂപയില്‍ കൂടുതല്‍ വിഭവോപയോഗമുള്ളവരെയും ഗ്രാമങ്ങളില്‍ 27.20 രൂപയില്‍ കൂടുതല്‍ വിഭവോപയോഗമുള്ളവരെയും പാവപ്പെട്ടവരായി കണക്കാക്കില്ല. റിപ്പോര്‍ട്ടനുസരിച്ച് 2011-2012 കാലഘട്ടത്തില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2004-2005 കാലഘട്ടത്തെ അപേക്ഷിച്ച് 37.2 ശതമാനത്തില്‍ നിന്ന് 21.9 ശതമാനമായി കുറഞ്ഞു. പ്രതിശീര്‍ഷ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണിത്. മാത്രല്ല, നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ദാരിദ്ര്യം കൂടുതലായി കുറഞ്ഞിരിക്കുന്നത്. നഗരങ്ങളില്‍ 32 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നവരെ ദരിദ്രരായി കണക്കാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം ആസൂത്രണ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ദാരിദ്ര്യ നിര്‍ണയത്തിന്റെ ഈ പുതിയ സൂചികയ്‌ക്കെതിരെ രൂക്ഷവിമര്‍ശമാണ് അന്നുണ്ടായത്. ബീഹാര്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 5.09 ശതമാനം മാത്രം ദരിദ്രരുമായി ഏറ്റവും കുറവ് ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനം ഗോവയാണ് . കേരളം, ഹിമാചല്‍ പ്രദേശ്, സിക്കിം, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഈ ഗണത്തില്‍ മുന്‍പന്തിയിലാണ്.
ഇന്ത്യയിലെ ശിശുക്കളില്‍ നാല്‍പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണെന്നതാണ് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ മറ്റൊരു വസ്തുത. രണ്ടില്‍ ഒരു കുട്ടി എന്ന അനുപാദത്തില്‍ വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗങ്ങളോളം ഭീകരമായ ചിത്രമാണ് വരച്ചുതരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്‍ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.
അതി കഠിനമായ ദാരിദ്ര്യാവസ്ഥ ഉന്മൂലനം ചെയ്യാന്‍ കാര്യമായൊന്നും ഒരു സര്‍ക്കാറും ചെയ്യാറില്ലെന്നത് അക്കാര്യങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ നമുക്ക് വ്യക്തമാവും. ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങളെ വെറുതെ വിടാന്‍ ഭരണകൂട നേതൃത്വം തയ്യാറാകുന്നില്ല. ഓരോരുത്തരും കഴിഞ്ഞു പോകുന്ന ജീവിത സാഹചര്യങ്ങളെ പൊളിച്ചു കളയാനുള്ള തന്ത്ര പൂര്‍വമായ ശ്രമമാണ് നിര്‍വഹിക്കുന്നത്. മധ്യവര്‍ഗത്തിനും മേലുള്ളവരുടെ ജീവിത സാഹചര്യത്തെ പരിഗണിച്ചാണ് എപ്പോഴും ഭരണകൂടങ്ങള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. .ഹിന്ദുത്വ ആദര്‍ശമുള്ള സര്‍ക്കാറാകുമ്പോള്‍ തീരുമാനങ്ങളുടെ രീതിയും ഭാവവും ഒന്നു കൂടി മാറും.പട്ടിണിയും പരിവട്ടവും അകറ്റുന്നതിനു പകരം വര്‍ഗീയ ചിന്തകള്‍ വളര്‍ത്താനും ആളുകളെ തമ്മില്‍ തല്ലിക്കാനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റു പറയാനാകില്ല. ഗോവധ നിരോധം നടപ്പാക്കിയ ഒരു ഉത്തരോന്ത്യന്‍ ജില്ലയിലെ ഒരു ജനവിഭാഗത്തിന്റെ അനുഭവം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ബീഹാറിലെ ഗൊദ്ദ ജില്ലയിലെ പഹാരിയകള്‍ എന്ന ജന വിഭാഗത്തെ സമുദ്ധരിക്കാനും അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവത്കരിക്കുകയുണ്ടായി. പഹാരിയകളുടെ ജീവിതരീതി കണക്കിലെടുക്കാതെയാണ് ഹൈന്ദവതയിലൂന്നിയ വികസന പദ്ധതികള്‍ അവിടെ നടപ്പാക്കിയത്. പാലുത്പന്നങ്ങള്‍ ഉപയോഗിക്കാത്ത ഇവര്‍ക്ക് പശുവിനെ നല്‍കി പാലുണ്ടാക്കി വില്‍ക്കാനാണ് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഇറച്ചി കഴിച്ച് ജീവിക്കുന്ന പഹാരിയകള്‍ ലോണായി കിട്ടിയ പശുക്കളെ ഭക്ഷണത്തിനായുപയോഗിച്ചു. കാലങ്ങള്‍ക്കു ശേഷം ഇവരുടെ ജീവിത നിലവാരം മാറിയോയെന്നറിയാനായെത്തിയ ഉദ്യോഗസ്ഥര്‍ അമ്പരന്നു. ആരുടെയെങ്കിലും താത്പര്യത്തിനനുസരിച്ച് ഭക്ഷണശീലം മാറ്റിയെടുക്കാനാവില്ലെന്ന് തെളിയിച്ച പഹാരിയകളോട് പക്ഷെ ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല. തങ്ങളൊരിക്കല ും ആവശ്യപ്പെടാത്ത ലോണ്‍ തിരിച്ചടക്കാന്‍ ദാരിദ്ര്യത്തിനിടയിലും ഈ പാവങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടു. ദാരിദ്ര്യത്തെ സംബന്ധിച്ച ചര്‍ച്ചയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനു പകരം ഘര്‍വാപസിയിലും ബീഫിലും മാത്രം ചര്‍ച്ചയെ കൊണ്ടെത്തിക്കുകയും ജനങ്ങളുടെ ചിന്തയെ വഴിതിരിച്ചു വിടുകയും ചെയ്യുന്ന ഭരണകൂട താത്പര്യം തിരിച്ചറിയാന്‍ ഇനിയും വൈകിയാലുള്ള ദുരന്തം ചിലപ്പോള്‍ സങ്കല്‍പിക്കാവുന്നതിലുമപ്പുറമായേക്കും.