ഭൂമിയുടെ അവകാശികള്‍

Posted on: March 16, 2015 10:55 am | Last updated: March 16, 2015 at 10:55 am
SHARE

ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ഫിക്കിയും ബ്രിട്ടീഷ് വ്യാവസായിക സമൂഹവും സംയുക്തമായി ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു: ‘ഇന്ത്യയില്‍ പരിഷ്‌കാരത്തിന് തുരങ്കം വെക്കുന്ന ചില ‘സാഡിസ്റ്റുകള്‍’ ഉണ്ട്. അവര്‍ വികസനവിരോധികള്‍ ആണ്. എന്നാല്‍ അവരെ സര്‍ക്കാറിന് പേടിയില്ല. ഞങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. ഇത് കണ്ടൊന്നും പിന്നോട്ട് പോകുന്നയാളല്ല നരേന്ദ്ര മോദി. സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്ക് നിയമനിര്‍മാണമല്ല, ഭരണപരമായ ഉത്തരവുകളാണ് വേണ്ടത്’. ജെയ്റ്റ്‌ലിയുടെ വാക്കുകളില്‍ മോദി സര്‍ക്കാറിന്റെ മുന്‍ഗണനകളും പ്രവര്‍ത്തന പദ്ധതിയും വെളിപ്പെട്ടു കിടക്കുന്നു. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചില വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയും ചെയ്ത ഘട്ടത്തിലാണ് ജെയ്റ്റ്‌ലിയുടെ ഈ പ്രഭാഷണമെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന് മുന്നിലും സിവില്‍ സമൂഹത്തിന് മുന്നിലും മുട്ടുമടക്കേണ്ടി വരുന്നതിലുള്ള നീരസം പരന്നുകിടക്കുന്നുണ്ട് ജെയ്റ്റ്‌ലിയുടെ വാക്കുകളില്‍. ലോക്‌സഭയിലുള്ള വന്‍ഭൂരിപക്ഷത്തിന്റെ പുറത്ത് ഭരണസഖ്യത്തിലെ ചില കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പ് പോലും മറികടക്കാന്‍ സര്‍ക്കാറിന് സാധിച്ചു. എന്നാല്‍ രാജ്യസഭയില്‍ അത് സാധ്യമല്ല. അവിടെ ഭരണസഖ്യം ന്യൂനപക്ഷമാണ്. ലോക്‌സഭയില്‍ തൊലിപ്പുറമേയുള്ളതാണെങ്കിലും ഒന്‍പത് ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായെങ്കില്‍ രാജ്യസഭ കടക്കാന്‍ കൂടുതല്‍ ജനപക്ഷ നീക്കുപോക്കുകള്‍ക്ക് വഴങ്ങുക മാത്രമായിരിക്കും സര്‍ക്കാറിന് കരണീയമായിട്ടുള്ളത്. രാഷ്ട്രം പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്.
2013ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ബില്‍ അപ്പടി പൊളിച്ചുപണിഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കുകയാണ് ഈ സര്‍ക്കാര്‍ തുടക്കത്തില്‍ ചെയ്തത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ, അഥവാ ഭൂവുടമകളുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്ന മാരകമായ വ്യവസ്ഥയടക്കം ഉള്‍ക്കൊള്ളുന്നതായിരുന്നു ഓര്‍ഡിനന്‍സ്. ഈ ഓര്‍ഡിനന്‍സ് എന്തിനിത്ര തിരക്കിട്ട് കൊണ്ടുവരുന്നുവെന്ന് രാഷ്ട്രപതി തന്നെ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ മുഴുവന്‍ ജനപക്ഷത്തായിരുന്നുവെന്നോ കോര്‍പറേറ്റ് പ്രീണനത്തില്‍ അവര്‍ ബി ജെ പിയില്‍ നിന്ന് വ്യത്യസ്തരായിരുന്നുവെന്നോ 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തെ മാത്രം മുന്‍ നിര്‍ത്തി പറയാനാകില്ല. അത് രാഷ്ട്രീയമായ തന്ത്രമായിരുന്നു. കര്‍ഷക പക്ഷത്താണെന്ന് വരുത്തിത്തീര്‍ക്കുക സര്‍ക്കാറിന് അനിവാര്യമായിരുന്നു. അതുകൊണ്ട് ആ ബില്ല് താരതമ്യേന അപകട രഹിതമായി. ഈ കര്‍ഷകപക്ഷ വ്യവസ്ഥകള്‍ മുഴുവന്‍ എടുത്തു കളഞ്ഞതോടെ പുതിയ ഓര്‍ഡിനന്‍സ് പല്ലും നഖവും ദംഷ്ട്രകളും നീട്ടിനില്‍ക്കുന്ന രാക്ഷസ ഭാവം കൈവരിച്ചു.
എത്ര ഭൂരിപക്ഷമുള്ള സര്‍ക്കാറിനെയും തിരുത്താന്‍ പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ നീക്കങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷ പകരുന്നതായിരുന്നു ലോക്‌സഭയില്‍ കഴിഞ്ഞ ആഴ്ച നടന്നത്. വ്യവസായ ഇടനാഴികള്‍ക്കുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായിരിക്കും, ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും, സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് ഇളവ് നല്‍കില്ല, ഏറ്റെടുത്തിട്ട് അഞ്ചു വര്‍ഷമോ പദ്ധതി പൂര്‍ത്തീകരണത്തിന്റെ സമയമോ കഴിഞ്ഞും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കും തുടങ്ങിയ ഭേദഗതികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
ഭൂമിയേറ്റെടുക്കലിന് മുമ്പ് സാമൂഹികാഘാത പഠനം നടത്തണമെന്നും സ്വകാര്യ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ 80 ശതമാനവും പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് 70 ശതമാനവും കുടുംബങ്ങളുടെ അനുമതി വേണമെന്നുമുള്ള വ്യവസ്ഥകള്‍ 2013ലെ ബീല്ലില്‍ ഉണ്ടായിരുന്നു. ഇവ ബില്ലിന്റെ ആത്മാവ് തന്നെയാണ്. ഈ വ്യവസ്ഥകള്‍ തിരിച്ചു കൊണ്ടു വന്നേ തീരൂ എന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ വിഷയത്തില്‍ പ്രക്ഷോഭം ആരംഭിച്ച അന്നാ ഹസാരെയടക്കമുള്ളവരും ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ സഹകരണം അനിവാര്യമാണെന്നിരിക്കെ സര്‍ക്കാര്‍ വഴങ്ങുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിച്ചേക്കും. അത് പക്ഷേ ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കും. ഇതാണോ ജെയ്റ്റ്‌ലി പറയുന്ന നിശ്ചയദാര്‍ഢ്യം? ഇത് ധാര്‍ഷ്ട്യമാണ്. വ്യാവസായികമായി എത്ര പുരഗോമിച്ചുവെന്ന് കണക്ക് പറഞ്ഞാലും ഇന്നും അടിസ്ഥാനപരമായി ഇന്ത്യ കാര്‍ഷിക രാജ്യമാണ്. കൃഷി ഭൂമിയാണ് ഇന്ത്യയുടെ ശക്തിസ്രോതസ്സ്. ഭരിക്കുന്നവന്റെ പുതുബാന്ധവങ്ങള്‍ക്ക് വേണ്ടി അത് തീറെഴുതിക്കൊടുക്കുന്ന ധാര്‍ഷ്ട്യം രാജ്യം ഏറെക്കാലം സഹിച്ചെന്ന് വരില്ല. അത്‌കൊണ്ട് വിട്ടുവീഴ്ചയുടെ വഴിയാണ് സര്‍ക്കാറിന് നല്ലത്. രാജ്യത്തിനും.