വാഹനാപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണന്റെ ജീവിതം ദുരിതക്കയത്തില്‍

Posted on: March 16, 2015 10:54 am | Last updated: March 16, 2015 at 10:54 am
SHARE

പനമരം: വാഹനാപകടത്തില്‍ പരുക്കേറ്റ് 13 വര്‍ഷമായി ചികില്‍സയില്‍ കഴിയുന്ന രാധാകൃഷ്ണ(44)ന്റെ ജീവിതം ദുരിതകയത്തില്‍.
തളര്‍ന്നു കിടക്കുന്ന മകന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാതെ ദുരിതത്തിലാണ് രാധാകൃഷ്ണന്റെ വൃദ്ധരായ മാതാപിതാക്കള്‍. ചീക്കല്ലൂര്‍ എല്‍.പി സ്‌കൂളിനടുത്ത പുതിയവീട് രാധമ്മയുടെയും കെ.ജി. നായരുടെയും മകനാണ് രാധാകൃഷ്ണന്‍. 2002ല്‍ കൂടോത്തുമ്മലിനടുത്തു നിന്നും റോഡിലൂടെ നടന്നുപോകുമ്പോള്‍ രാധാകൃഷ്ണനെ ഓട്ടോ ഇടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റതോടെ ബോധം നഷ്ടപ്പെട്ടു. അന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് അനുകൂലമല്ലാതിരുന്നതിനാല്‍ ഇതുവരെ ഇന്‍ഷൂറന്‍സ് ലഭിച്ചില്ല. അന്നു തൊട്ട് ഇന്നുവരെ തളര്‍ന്നുകിടക്കുകയാണ് രാധാകൃഷ്ണന്‍. അറുപതു കഴിഞ്ഞ മാതാപിതാക്കളാണ് രാധാകൃഷ്ണന്റെ കാര്യങ്ങള്‍ നോക്കിവരുന്നത്. തളര്‍ന്നു കിടക്കുന്ന മകന് വേണ്ടത്ര ചികില്‍സയോ ഭക്ഷണമോ പോലും നല്‍കാന്‍ കഴിയാത്ത വിഷമത്തിലാണ് മാതാപിതാക്കള്‍. രാധാകൃഷ്ണന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും ഈ വൃദ്ധരായ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ കൂലിപ്പണിക്കു പോകാനും സാധിക്കുന്നില്ല. 2002ല്‍ ചികിത്സാ സഹായമായി 25000 രൂപ സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു. ആകെയുള്ള വരുമാനം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷനാണ്. രാധാകൃഷ്ണന് 1000 രൂപയും ഇയാളുടെ അച്ഛന് വാര്‍ധക്യ പെന്‍ഷനുമുണ്ട്. ഈ തുക തീരുന്നതോടെ മാസത്തിന്റെ പകുതിയിലധികം ദിവസങ്ങളിലും കുടുംബം പട്ടിണിയിലാണ്. ജീവന്‍ നിലനിര്‍ത്താനായി അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദാരമതികളുടെയും കനിവ് കാത്തുകഴിയുന്നത്.