Connect with us

Wayanad

മൂന്ന് ജീവനുകള്‍കൂടി പൊലിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍

Published

|

Last Updated

കല്‍പ്പറ്റ: ~ഒന്നര പതിറ്റാണ്ടിലെ കാത്തിരുപ്പിനൊടുവിലാണ് കല്‍പറ്റ നഗരത്തിലെ തിരക്ക് ഒഴിവാക്കാനുള്ള ബൈപാസ് യാഥാര്‍ഥ്യമായത്.
എന്നാല്‍ ഇത് തുറന്നുകൊടുക്കും മുന്‍പെ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളില്‍ അടിയന്തിരമായി മുന്‍കരുതലുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം അധികൃതര്‍ കേട്ടതായി പോലും ഭാവിച്ചില്ല. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബൈപാസിലൂടെ മേപ്പാടി ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇരുപത് അടിയോളം താഴേയ്ക്ക് പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആറ് മാസം മുന്‍പ് ഈ പ്രദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബൈപാസിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ഉച്ചവരെ ധര്‍ണ നടത്തൂകയും ചെയ്തിരുന്നു. എന്നിട്ടും ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടില്ല. ഇന്നലെ അപകടമുണ്ടായതറിഞ്ഞ് ഓടിക്കൂടിയ ജനങ്ങള്‍ ആദ്യം പ്രതിഷേധിച്ച് അധികൃതരുടെ നിലപാടുകള്‍ക്ക് നേരെയാണ്. രോഷാകുലരായ നാട്ടുകാര്‍ റോഡ് തടയുകയും ചെയ്തു. കോഴിക്കോട്-മൈസൂര്‍ ദേശീയ പാത 212ല്‍ മേപ്പാടി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ബൈപാസ് അവസാക്കുന്നത് കൈനാട്ടിക്കും 200 മീറ്റര്‍ മേല്‍ ഭാഗത്ത് റോഡില്‍ വീതി കുറഞ്ഞ ഭാഗത്താണ്. ബൈപാസിലൂടെ എത്തുന്ന വാഹനങ്ങള്‍ പലപ്പോഴും ദേശീയപാതയില്‍ കടന്നുവരുന്ന വാഹനങ്ങള്‍ കാണില്ല. ഇവിടെ പോലും വേണ്ടത്ര ശ്രദ്ധിക്കും വിധം അപകട ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. 45 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മാണത്തിനാണ് മരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്താതെ സ്ഥലം പാഴാക്കിയിരിക്കുകയാണ്. വീതി കുറഞ്ഞ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് ഫുട്പാത്ത് പോലുമില്ല. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുംവിധമാണ് റോഡിന്റെ കിടപ്പ്. വളവും തിരിവും ഇരുവശത്തും വലിയ കുഴികളുമുള്ള ഭാഗങ്ങളില്‍ സൈഡ് ഭിത്തിയോ ഇരുമ്പുമറയോ സ്ഥാപിച്ചിട്ടില്ല. ഇതാണ് ഇന്നലെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് മുഖ്യകാരണവും.
കല്‍പറ്റ ബൈപാസ് റോഡില്‍ സുരക്ഷ കര്‍ശനമാക്കണംമെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബൈപാസ് റോഡില്‍ പതിവായി സംഭവിച്ചു കൊണ്ടിരിക്കു അപകടങ്ങളും അതുമൂലമുണ്ടാക്കു ജീവഹാനിയും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുത്. ഇന്നലെ ബൈപാസില്‍ ഒരു കുടുബത്തിലെ മൂന്നു പേരാണ് മരിച്ചത്. റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന കുടംബങ്ങളും ഭീഷണി നേരിടുന്നുണ്ട്. നിയന്ത്രണം വിട്ട് മറിയുന്ന വാഹനങ്ങളും വീടുകള്‍ക്ക് മുകളിലേക്കാണ് മറിയുക. റോഡിനിരുവശവും രക്ഷാമതില്‍ നിര്‍മിക്കാനും അധികൃതര്‍ തയ്യാറാവണം. മേപ്പാടി റോഡിലേക്ക് പ്രവേശിക്കുന്ന ട്രാഫിക് ജംഗ്ഷന്‍ മുതല്‍ കൈനാട്ടി വരെ ആവശ്യമായ സുരക്ഷാ ക്രമീരണങ്ങളും അതീവ അപകട മേഖലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ലൈറ്റുകളും സ്ഥാപിക്കണം. ട്രാഫിക് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ എ പി ശിവദാസ്, എ കെ ഇബ്രാഹീം ഗുരുക്കള്‍, എം സി ജയചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍,സക്കീര്‍ ഹുസൈന്‍, ഡോ. സോണി, അഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.

Latest