പാലച്ചിറമാട് വളവില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ക്ക് പരുക്ക്

Posted on: March 16, 2015 10:48 am | Last updated: March 16, 2015 at 10:48 am
SHARE

കോട്ടക്കല്‍: ദേശീയപാത പാലച്ചിറമാട് വളവില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രക്ഷാപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു.
കണ്ണമംഗലം കരിങ്കൂര്‍ കൂര്‍ക്കപ്പറമ്പത്ത് കൃഷ്ണന്‍ (47), ഭാര്യ ഷീബ (36), മക്കളായ ആകാശ് (13), യദുകൃഷ്ണ (ഒമ്പത്), കല്‍പഞ്ചേരി ചേലത്ത് ഫാത്തിമ (24), എടപ്പാള്‍ ആലങ്കോട് മണക്യകത്ത് സുഭാഷിനി (50), ബസ് ഡ്രൈവര്‍ എറണാകുളം എരുമേലി പാറയില്‍ മനോജ് (40), എടപ്പാള്‍ വരിക്കത്ത് പറമ്പില്‍ ധന്യ(30) ഇവരുടെ മക്കളായ ദയാല്‍ (അഞ്ച്) ദയ (രണ്ടര) എടരിക്കോട് വരിക്കോടന്‍ അബ്ദുല്‍ ലത്തീഫ് (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് അബ്ദുല്‍ ലത്തീഫിന് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. മഴപെയ്തതിനെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട ബസ് തെന്നി മറിയുകയായിരുന്നു. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. തെന്നിമാറിയ ബസ് ഏറെ ദൂരെ കര്‍ട്ടന്‍ കടയുടെ സമീപത്തേക്കാണ് മറിഞ്ഞത്.
അപകട സമയത്ത് എതിര്‍ ദിശയില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് വാഹനത്തിനുള്ളില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിരം അപകട മേഖലായ ഇവിടെ അത് ഒഴിവാക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ അധികൃര്‍ സ്വീകരിച്ചു വരികയാണ്. രാത്രി കാല അപകടങ്ങള്‍ ഒഴിവാക്കാനായി കഴിഞ്ഞ വര്‍ഷം പ്രത്യേക ബേധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒരാഴ്ച്ചയോളം നീണ്ടുനിന്ന പരിപാടികളായിരുന്നു നടത്തിയിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് റോഡിന്റെ നവീകരണങ്ങള്‍ പൂര്‍ത്തിയായത്.
മഴപെയ്തതോടെ ഇവിടെ വഴുക്കല്‍ അനുഭവപ്പെട്ടതാണ് ഇന്നലത്തെ അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴ കനത്താല്‍ ഇങ്ങനെയാണെങ്കില്‍ ഇതിനിയും കൂടാനിടയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.