Connect with us

Malappuram

പട്ടാപ്പകല്‍ മോഷണം; യുവാവ് പിടിയില്‍

Published

|

Last Updated

എടക്കര: പട്ടാപ്പകല്‍ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പണവും മൊബൈല്‍ഫോണും കവര്‍ച്ച നടത്തുന്ന പ്രതി പോലീസ് പിടിയില്‍. എരുമമുണ്ട മല്ലിയില്‍ റഫീഖ് (24)നെയാണ്‌വഴിക്കടവ് എസ് ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പുളിക്കലങ്ങാടിയിലുള്ള ഒറ്റക്കത്ത് നൗഷാദിന്റെ വീട്ടില്‍ വയറിംഗ് ജോലിക്കെത്തിയ മണല്‍പാടം വടക്കേങ്ങര അബ്ദുല്ലയുടെ മൊബൈല്‍ഫോണും പണവുമാണ് മോഷണം പോയത്. താഴത്തെ റൂമില്‍ അഴിച്ചുവെച്ച വസ്ത്രത്തിലായിരുന്നു ഫോണും പണവും വെച്ചിരുന്നത്. അബ്ദുല്ല ചായ കുടിക്കാന്‍ വേണ്ടി പേഴ്‌സ് നോക്കുമ്പോള്‍ പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടന്നതായി അറിയുന്നത്.
സമീപത്ത് പരിശോധിച്ചപ്പോള്‍ തൊട്ടടുത്ത് സിം കാര്‍ഡ് ഉപേക്ഷിച്ചതായി കണ്ടു. ഉടനെ നാട്ടുകാരെ വിവരമറയികിക്കുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു യുവാവ് മോട്ടോര്‍ബൈക്കില്‍ സമീപത്ത് ചുറ്റി നടക്കുന്നതായി ചിലരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മുമ്പും പലതവണ ഈ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷണം പോവുന്നതായി പരാതിയുണ്ടായിരുന്നു. പ്രതി ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ സഹിതം നാട്ടുകാര്‍ വഴിക്കടവ് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിനടയിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിക്ക് ഇതിന് മുമ്പും മോഷണകേസുകളുണ്ട്.
2014 ജനുവരിയില്‍ പോത്തുകല്ല് നാല് കേസുകളില്‍ പ്രതിയായിട്ടുണ്ട്. പ്രതിയെ പിടികൂടിയതറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളടക്കം പണവും മൊബൈല്‍ഫോണും നഷ്ടപ്പെട്ട നിരവധി തൊഴിലാളികളാണ് വഴിക്കടവ് സ്റ്റേഷനിലെത്തിയത്. പ്രതിയുടെ കൈയില്‍ നിന്നും അബ്ദുല്ലയുടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ നിന്നും പ്രതി ഇത്തരത്തില്‍ മഞ്ചേരി, എടവണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, കാളികാവ് എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്. ജനുവരിയില്‍ എടവണ്ണ പത്തിരിയിലാലില്‍ കെട്ടിടം പണി ചെയ്യുകയായിരുന്ന മഞ്ചേരി-ചെങ്ങറ സ്വദേശി മേലേതൊടികയില്‍ ഗോപീദാസിന്റെ 10000 രൂപയും ഒരു മൊബൈല്‍ ഫോണും മോഷണം നടത്തിയിരുന്നു. ഇതിന് എടവണ്ണ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
ഗോപീകൃഷ്ണന്റെ ഫോണും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പണം പ്രതി ബേങ്കില്‍ നിക്ഷേപിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. പ്രതി ബൈക്കില്‍ കറങ്ങിയാണ് മോഷണങ്ങള്‍ നടത്തുന്നത്. സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം അസൈനാര്‍, എ എസ് ഐ അജയന്‍, എസ് സി പി ഒ ജയചന്ദ്രന്‍, സി പി ഒമാരായ ദേവസ, തോമസ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്ഷേത്രത്തില്‍ മോഷണം
പൊന്നാനി: മൂന്ന് ദിവസത്തിനിടെ പൊന്നാനിയില്‍ വീണ്ടും ക്ഷേത്രത്തില്‍ മോഷണം. നാല് പവന്റെ സ്വര്‍ണമാണ് കവര്‍ന്നത്.
പുഴമ്പ്രം അണ്ടിത്തോട് ഭഗവതി ക്ഷേത്രത്തിലാണ് ഞായറാഴ്ച പുലര്‍ച്ചയോടെ മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ ചുറ്റുമതില്‍ ചാടി അകത്തുകടന്ന മോഷ്ടാവ് കളളത്താക്കോലിട്ട് വാതില്‍ തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ക്ഷേത്ര ചുറ്റുമതിലിനുളളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ശ്രീകോവിലുകളിലാണ് മോഷണം നടന്നത്. ഒരു ശ്രീകോവിലിലെ ദുര്‍ഗാദേവിയുടെയും മറ്റൊരു ശ്രീകോവിലിലെ ഭഗവതിയുടെ വിഗ്രഹത്തിലും ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഇത് നാല് പവനോളം വരും. ഞായറാഴ്ച പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിന് സമീപത്തെ പുളിക്കല്‍ സെയ്തിന്റെ വീട്ടിലും മോഷണം നടന്നു. ഗള്‍ഫില്‍ താമസിക്കുന്ന സെയ്തിന്റെയും കുടുംബത്തിന്റെയും വീട് പൂട്ടിക്കിടക്കുകയായിരുന്നു. വാതിലുകളും അകത്തുളള അലമാരകളും കുത്തിത്തുറന്നിട്ട നിലയില്‍ കണ്ടപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഈശ്വരമംഗലം ഭദ്രാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലും കോട്ടത്തറ അയ്യപ്പന്‍ ഗോഷ്ടം ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. രണ്ടിടത്തും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തുടര്‍ച്ചയായ മോഷണങ്ങള്‍ ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ വൈദ്യഗ്ധ്യം നേടിയവരാണെന്ന് പൊലീസ് പറഞ്ഞു.

Latest