‘പക്ഷിക്ക് കുടിനീര്‍ പദ്ധതി’ക്ക് തുടക്കം

Posted on: March 16, 2015 10:45 am | Last updated: March 16, 2015 at 10:45 am
SHARE

വടകര: വിദ്യാഭ്യാസ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പരിരക്ഷണ വിദ്യാഭ്യാസ പദ്ധതി ആയ സേവിന്റെ പക്ഷിക്ക് കുടിനീര്‍ പദ്ധതിക്ക് തുടക്കമായി. എല്ലാ ജീവികള്‍ക്കും ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശം അംഗീകരിക്കാനും പ്രകൃതി വിഭവങ്ങള്‍ പങ്കുവെക്കപ്പെടേണ്ടതാണെന്ന ബോധം വളര്‍ത്താനും വരും തലമുറയെ പ്രാപ്തരാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
വിദ്യാഭ്യാസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളും എണ്ണായിരത്തിലേറെ അധ്യാപകരും ഈ വേനലില്‍ അവരുടെ വീടുകള്‍ക്ക് സമീപം ഒരു പാത്രത്തില്‍ പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കുന്നതാണ് പദ്ധതി.നിത്യേന പാത്രം നിറച്ചു വെക്കും. ഈ വര്‍ഷം ഇത് പൂര്‍ണ്ണ വിജയം നേടി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
പക്ഷിക്ക് കുടിനീര്‍ പദ്ധതയുടെ ഉദ്ഘാടനം അടുക്കത്ത് എം എ എം യു പി സ്‌കൂളില്‍ കഥാകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനും ആയ അക്ബര്‍ കക്കട്ടില്‍ നിര്‍വഹിച്ചു. ഡി ഇ ഓ ഇ കെ സുരേഷ്‌കുമാര്‍ ആധ്യക്ഷത വഹിച്ചു. എ ഇ ഒ. കെ എം നാണു, സേവ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വടയക്കി നാരായണന്‍, ഷൗക്കത്ത് അലി എരോത്ത്, ശ്രീനി പാലേരി, കെ പി ഇബ്‌റാഹിം, അബ്ദുള്ള സല്‍മാന്‍, പി.കെ ഗ്ലോറിയ, ഇ അമ്മദ്, കെ പിദിനേശന്‍, എം വി കുഞ്ഞമ്മദ്,ശ്രേയ ദീപക്, കെ ശ്രീജിത്ത് സംസാരിച്ചു.