Connect with us

Kozhikode

ആത്മീയ സംഘമുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് എസ് ജെ എം മേഖലാ സമ്മേളനം

Published

|

Last Updated

മുക്കം: ആത്മീയാധ്യാപനത്തിന്റെ നവീന രീതിശാസ്ത്രവും മുഅല്ലിമിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അപഗ്രഥനം ചെയ്ത്, സംഘ ശക്തി തെളിയിച്ച് ജില്ലയിലെ രണ്ട് മേഖലയിലായി നടന്ന മുഅല്ലിം സമ്മേളനം ഉജ്ജ്വലമായി. പഠനം സംസ്‌കരണം സേവനം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് എപ്രില്‍ നാലിന് കോഴിക്കോട്ട് എം എ ഉസ്താദ് നഗറില്‍ നടക്കുന്ന രാജ്യത്തെ പ്രഥമ ദേശീയ മുഅല്ലിം സമ്മേളനത്തിന്റെ ഭാഗമായാണ് മാവൂര്‍ മഹഌറ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കൊയിലാണ്ടി ഖല്‍ഫാന്‍ ഇസ്‌ലാമിക് സെന്ററിലുമായി മേഖലാ സമ്മേളനങ്ങള്‍ നടത്തിയിയത്.
മാവൂര്‍ മഹഌറയില്‍ നടന്ന വടക്കന്‍ മേഖലാ സമ്മേളനത്തില്‍ കെ എസ് അബ്ദുല്ലകോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. കോഴിക്കോട് താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ ്എം അബ്ദുല്‍ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സുന്നി സംഘടനാ സാരഥികളായ പി ടി സി മുഹമ്മദലി മാസ്റ്റര്‍, പി അലവി സഖാഫി കായലം, ഇബ്‌റാഹിം സഖാഫി താത്തൂര്‍, എന്‍ മുഹമ്മദലി മാസ്റ്റര്‍, പി. സി മുഹമ്മദലി ഹാജി ജനറല്‍ കണ്‍വീനര്‍ യൂസൂഫ് അലി സഅദി, മുഹ്‌യിദ്ദീന്‍ സഖാഫി മലയമ്മ പ്രസംഗിച്ചു. “പ്രായോഗിക മനശാസ്ത്രം”എന്ന വിഷയത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എം അബ്ദുല്‍ അസീസ് ഫൈസിയും മുഅല്ലിമിന്റെ സാംസ്‌കാരിക വിനിമയം എന്ന വിഷയത്തില്‍ സംസ്ഥാന ട്രെയിനര്‍ സുലൈമാന്‍ സഖാഫി കുഞ്ഞുകുളവും എസ് ബി എസ് ശാക്തീകരണം എന്ന വിഷയത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാടും ക്ലാസെടുത്തു.
തൂടര്‍ന്നു നടന്ന ദേശീയ മുഅല്ലിം സമ്മേളന വിളംബര റാലിക്ക് എസ് .ജെ എം ജില്ലാ, സംഘാടക സമിതി ഭാരവാഹികളായ സി എം യൂസുഫ് സഖാഫി, യൂസുഫ് അലി സഅദി, സി അബ്ദുല്‍ ഹമീദ് സഖാഫി, എം .ഉമര്‍ സഖാഫി മങ്ങാട്, ടി പി മുഹമ്മദ്കുട്ടി സഖാഫി, സൈനുല്‍ ആബിദീന്‍ അഹ്‌സനി, മുഹ്‌യിദ്ദീന്‍ സഖാഫി മലയമ്മ നേതൃത്വം നല്‍കി.
കൊയിലാണ്ടി ഖല്‍ഫാന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന തെക്കന്‍ മേഖലാ സമ്മേളനത്തില്‍ ചിയ്യൂര് അബ്ദുല്‍ ജലീല്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് യൂസുഫ് സഖാഫി കരുവമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി കെ റാഷിദ് ബൂഖാരി പഠനക്ലാസിന് നേതൃത്വം നല്‍കി. ഒ ടി ശഫീഖ് സഖാഫി, അയ്യൂബ് സഖാഫി പയ്യോളി, വി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചൂ.

Latest