പേരാമ്പ്രയില്‍ മുന്നണികള്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരുക്ക്

Posted on: March 16, 2015 10:44 am | Last updated: March 16, 2015 at 10:44 am
SHARE

പേരാമ്പ്ര: നിയമസഭയിലെ അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡി എഫ് പേരാമ്പ്രയില്‍ നടത്തിയ കരിദിനാചരണ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനു നേരെ അക്രമം. കല്ലേറിലും, തുടര്‍ന്നുായ സംഘര്‍ഷത്തിലും ഡി സി സി സെക്രട്ടരി പി ജെ തോമസ് ഉള്‍പ്പെടെ 20 ഓളം യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ കല്ല്ക്കി മജീദ് (42), കെ കെ സലാം (35), പി പി അബ്ദുര്‍റഹ്മാന്‍ (38), ടി പി കുഞ്ഞിമൊയ്തി (44) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ പേരാമ്പ്രയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കല്ലേറില്‍ പെരുവണ്ണാമുഴി പേരാമ്പ്ര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അക്രമം അരങ്ങേറിയത്. ഇടതു പക്ഷം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിയമസഭാ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണ യോഗം നടത്തുന്നതിനിടയില്‍ റോഡിലൂടെ കടന്നു പോകുകയായിരുന്ന യു ഡി എഫ് പ്രകടനത്തിനു നേരെ പ്രകോപമില്ലാതെ കല്ലേറ് നടത്തുകയായിരുന്നുവെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. പ്രകടനത്തിന്റെ മുന്‍ നിര കടന്നു പോയതിനു ശേഷമാണ് കല്ലേറ്. തുടര്‍ന്ന് ബസ്സ്റ്റാന്‍ഡ് പരിസരത്തും ജംഗ്ഷനിലും മാര്‍ക്കറ്റ് പരിസരത്തും സംഘര്‍ഷാവസ്ഥ സംജാതമായി. തുടക്കത്തില്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഐ ആര്‍ പി എഫ് ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അക്രമസംഭവത്തില്‍ പ്രതിഷേധിച്ചും പോലീസ് നിലപാടില്‍ പ്രകോപിതരായും യു ഡി എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തി.
സംഘര്‍ഷം വ്യാപിക്കുന്നത് തടയാനായി കൂടുതല്‍ പോലീസിനെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് വൈകീട്ട് മാര്‍ക്കറ്റ് പരിസരത്ത് പൊതുയോഗം നടത്തി. എസ് പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ ബാലനാരായണന്‍, എന്‍കെ വല്‍സന്‍, കെ വി രാഘവന്‍, എം കെ സി കുട്ട്യാലി, കെ സജീവന്‍, ബേബി കാപ്പുകാട്ടില്‍ പ്രസംഗിച്ചു. നിയോകമണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് ആഹ്വാനം ചെയ്തു. വാഹന ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് നേതാക്കള്‍ അറിയിച്ചു.