പൊറ്റമ്മലില്‍ വീണ്ടും കുടിവെള്ളം മുടങ്ങി; പ്രതിഷേധവുമായി നാട്ടുകാര്‍

Posted on: March 16, 2015 10:43 am | Last updated: March 16, 2015 at 10:43 am
SHARE

കോഴിക്കോട്: പ്രതിഷേധത്തെതുടര്‍ന്ന് വെള്ളം ലഭിച്ച പൊറ്റമ്മല്‍ നിവാസികള്‍ക്ക് വീണ്ടും കുടിവെള്ളം മുട്ടി. പൊറ്റമ്മല്‍ ന്യൂ വാട്ടര്‍ ടാങ്കിന് സമീപം മുന്നൂറോളം വീട്ടുകാര്‍ക്കാണ് രണ്ട് ദിവസമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.
ഒരാഴ്ച കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിന് ഒഴിഞ്ഞ കുടങ്ങളുമായി ന്യൂ വാട്ടര്‍ ടാങ്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയതോടെയാണ് കുടിവെള്ളം ലഭിച്ചത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കുടിവെള്ളം വിതരണം ക്രമേണ കുറഞ്ഞ് രണ്ട് ദിവസമായി പൂര്‍ണമായും നിലച്ചു.രണ്ട് ടാങ്കുകള്‍ പ്രദേശത്ത് ഉണ്ടായിട്ടും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ജപ്പാന്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്ത ശേഷവും പൊറ്റമ്മലില്‍ വിതരണം മുടങ്ങിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.
കിണറുകള്‍ ഇല്ലാത്ത പ്രദേശത്തെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. കുടിക്കാന്‍ പോലും വെള്ളത്തിന്റെ ദൗര്‍ലഭ്യം നേരിട്ടതോടെ വന്‍ തുകക്ക് വാഹനത്തില്‍ കുടിവെള്ളമെത്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
വര്‍ഷങ്ങളായി ചാലിയാറില്‍ നിന്ന് കൂളിമാട് പമ്പ് ഹൗസ് വഴി പൊറ്റമ്മല്‍ വാട്ടര്‍ ടാങ്കില്‍ എത്തിച്ചായിരുന്ന ഇവിടെ വെള്ളം വിതരണം ചെയ്തിരുന്നത്. അതാണ് ഇപ്പോള്‍ മുടങ്ങിയത്. ഇവിടത്തെ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിയത് കാരണമാണ് ടാങ്കിനേക്കാള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ചില ക്രമീകരണങ്ങള്‍ നടത്തിയാണ് അഞ്ചിന് വെള്ളമെത്തിച്ചത്. ഇതാണ് വീണ്ടും തടസ്സപ്പെട്ടിരിക്കുന്നത്. പൊറ്റമ്മല്‍ നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന വാട്ടര്‍ അതോറിറ്റി അധികൃതരുടെ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ന്യൂ വാട്ടര്‍ ടാങ്ക് ജനകീയ സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ അഞ്ചിന് സ്ത്രീകളും കുട്ടികളും അടക്കം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
യോഗത്തില്‍ പ്രസിഡന്റ് ഇ ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍ സന്തോഷ്‌കുമാര്‍, അസ്മത്തുല്ല ഖാന്‍, എം കെ പ്രേമരാജന്‍, കെ ദേവദാസന്‍, സ്മിത ജയരാജ് സംസാരിച്ചു.
ഫെബ്രുവരി 27നാണ് പെരുവണ്ണാമൂഴിയില്‍ നിന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചത്. കോഴിക്കോട് കോര്‍പറേഷനിലെ 55 വാര്‍ഡുകളിലെ വീട്ടുകാര്‍ക്ക് ജപ്പാന്‍ പദ്ധതിയില്‍ നിന്നു വെള്ളം ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചത്.