ചൈനയിലെ സന്താന നിയന്ത്രണ പദ്ധതി പാളി; ഇളവുകള്‍ വീണ്ടും ഉദാരമാക്കാന്‍ നീക്കം

Posted on: March 16, 2015 9:08 am | Last updated: November 4, 2015 at 7:37 pm
SHARE

chinaബീജിംഗ്: ചൈനയില്‍ പുലര്‍ത്തിപ്പോരുന്ന സന്താന നിയന്ത്രണ സമ്പ്രദായത്തില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരാന്‍ നീക്കം. നേരത്തെ ഒരൊറ്റ സന്താനത്തിന് മാത്രമേ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുള്ളൂ. ഇതിന് ശേഷം ചില പ്രത്യേക കേസുകളില്‍ രണ്ട് സന്താനങ്ങളാകാമെന്നും നിയമം നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ഇതിനോട് ചൈനക്കാര്‍ക്ക് തണുത്ത പ്രതികരണമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗ് പറഞ്ഞു. നിലവില്‍ ജനസംഖ്യയുടെ വിഷയത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന.
നിയമനടപടികളുടെ പിന്തുണയോടെ നിലവില്‍ തുടര്‍ന്നുവരുന്ന സന്താന നിയന്ത്രണ പദ്ധതിയില്‍ മാറ്റം വരുത്തുമെന്നും ലീ വ്യക്തമാക്കി.
1970 ലാണ് ചൈനയില്‍ ആദ്യമായി സന്താന നിയന്ത്രണത്തിന് നിയമം നടപ്പാക്കിയത്. ഇതനുസരിച്ച് നഗരത്തില്‍ ജീവിക്കുന്ന ദമ്പതികള്‍ക്ക് ഒരു സന്താനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആദ്യത്തെ സന്താനം പെണ്‍കുട്ടിയാണെങ്കില്‍ മാത്രം രണ്ടാമത്തെ സന്താനത്തിനും അനുമതി നല്‍കി. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ രണ്ടാമത്തെ സന്താനം ഉണ്ടായാല്‍ ദമ്പതികള്‍ പിഴയടക്കേണ്ടി വന്നിരുന്നു. ഇതോടെ ചൈനീസ് ജനതയില്‍ മൂന്നില്‍ രണ്ട് ശതമാനത്തിനും ഒറ്റ സന്താനം മാത്രമായി ചുരുങ്ങി. പക്ഷേ ഈ പദ്ധതി പിന്നീട് വന്‍ പ്രതിസന്ധിയിലേക്കാണ് ചൈനയെ നയിച്ചത്. മൊത്തം ജനതയുടെ എണ്ണം നോക്കുമ്പോള്‍ വൃദ്ധരായ ആളുകളുടെ ശതമാനം കുതിച്ചുയര്‍ന്നു. പുതിയ തലമുറയുടെ അംഗസംഖ്യ ഭീതിപ്പെടുത്തും വിധം കുറയുകയും ചെയ്തു. സന്താന നിയന്ത്രണ നിയമമനുസരിച്ച് 40 കോടി ജനസംഖ്യ ചൈനയില്‍ കുറഞ്ഞതായി അധികൃതര്‍ സമ്മതിക്കുന്നുണ്ട്.
2013ലാണ് ഈ പദ്ധതിയിലെ അബദ്ധം തിരിച്ചറിഞ്ഞ് മാറ്റം വരുത്താന്‍ ചൈന മുന്നോട്ടുവന്നത്. ദമ്പതികളില്‍പ്പെട്ട ആരെങ്കിലും ഒരാള്‍ ഒറ്റ സന്താനത്തിന്റെ ഭാഗമായിരുന്നവരാണെങ്കില്‍ ഇവര്‍ക്ക് രണ്ട് സന്താനങ്ങളാകാമെന്നായിരുന്നു പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വന്നത് 2014ലാണ്. എന്നാല്‍ പഴയ നിയമങ്ങളാണ് ഭൂരിപക്ഷം പേരും പാലിച്ചു പോരുന്നത്. രണ്ട് സന്താനങ്ങളെന്ന പുതിയ നിലപാടിനോട് ചൈനക്കാര്‍ മുഖം തിരിച്ചു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ സന്താന പദ്ധതിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജനന നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ സന്താന നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതോടെ ഈ വര്‍ഷം ജനന നിരക്ക് വീണ്ടും വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. 2012 മുതല്‍ തൊഴില്‍ ശക്തി 3.45 മില്യണ്‍ തോതില്‍ ഓരോ വര്‍ഷവും കുറവ് രേഖപ്പെടുത്തി. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 20 കോടിയിലധികമായി. അതുപോലെ ആണ്‍- പെണ്‍ അനുപാതത്തിലും ഉയര്‍ന്ന വ്യത്യാസം കാണിച്ചു തുടങ്ങി. ഇത്തരമൊരു സാഹചര്യത്തിലാണ് സന്താന നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.