Connect with us

International

ഇസില്‍ ക്ലോറിന്‍ വാതകം രാസായുധമായി ഉപയോഗിച്ചതിന് തെളിവുണ്ടെന്ന്

Published

|

Last Updated

ബാഗ്ദാദ് : ഇറാഖില്‍ പെഷ്‌മെര്‍ഗ സൈന്യത്തിനെതിരെ ഇസില്‍ തീവ്രവാദികള്‍ ക്ലോറിന്‍ വാതകം രാസായുധമായി ഉപയോഗിച്ചതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് കുര്‍ദ് അധികൃതര്‍. വടക്കന്‍ ഇറാഖില്‍ ജനുവരി 23ന് നടന്ന ചാവേര്‍ ആക്രമണശ്രമ സ്ഥലത്തുനിന്നും ശേഖരിച്ച അവശിഷ്ടങ്ങള്‍ യൂറോപ്യന്‍ യൂനിയന്‍ സാക്ഷ്യപ്പെടുത്തിയ ലബോറട്ടറിയില്‍ പരിശോധിച്ചതില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഇത് സൂചിപ്പിക്കുന്നത് ക്ലോറിന്‍ രാസായുധമായി ഉപയോഗിച്ചുവെന്നാണെന്നും കുര്‍ദ് മേഖല സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനിയില്‍ പറഞ്ഞു. എന്നാല്‍ കുര്‍ദുകളുടെ ആരോപണത്തിന് സ്വതന്ത്രസ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇസിലിനെ നേരിടാന്‍ കുര്‍ദ് സേനയെ വിന്യസിച്ച സിറിയയിലും ഇറാഖി നഗരമായ മൂസ്വിലിനുമിടയിലെ ഹൈവേയില്‍ 20 ചെറുപെട്ടികളുമായി വന്ന ലോറിയില്‍ സ്‌ഫോടനം നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു. കുര്‍ദ് സൈന്യം റോക്കറ്റ് ഉപയോഗിച്ച് ലോറി തകര്‍ത്തതിനാല്‍ ലോറി ഡ്രൈവര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളുവെന്ന് കുര്‍ദ് സേനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്ലോറിന്‍ വാതകം പരന്ന് പെഷ്‌മെര്‍ഗ സൈനികര്‍ക്ക് മനംപിരട്ടല്‍, ഛര്‍ദി, മോഹാലസ്യം തുടങ്ങിയവ അനുഭവപ്പെട്ടതായി പ്രസ്താവനയിലുണ്ട്. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച മണ്ണ്, വസ്ത്രങ്ങളുടെ അവശിഷ്ടം എന്നിവയാണ് ലബോറട്ടറിയില്‍ പരിശോധനക്കയച്ചത്. തിക്‌രീത്തിലും ക്ലോറിന്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ സൂചനകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കുര്‍ദുകള്‍ ആരോപിക്കുന്നു.

Latest