Connect with us

National

രാഹുലിനെ കുറിച്ചുള്ള പോലീസ് അന്വേഷണം പാര്‍ലിമെന്റില്‍ വിഷയമാക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

ന്യുഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ തേടിയത് പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് പാര്‍ട്ടി. ഇത് ഗുജറാത്ത് മോഡല്‍ ചാരപ്രവര്‍ത്തനമാണെന്ന് മറ്റ് പ്രതിപക്ഷ നേതാക്കളെയും ഇതുപോലെ നിരീക്ഷിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പൗരന്‍മാരുടെ സ്വകാര്യതക്കുള്ള അവകാശത്തില്‍ എപ്പോള്‍ മുതലാണ് കൈ കടത്താന്‍ ശ്രമിക്കുന്നതെന്നതിന് സര്‍ക്കാര്‍ ഉത്തരം പറയണം. നേരത്തെ ഒരു സംസ്ഥാനത്ത് സംഭവിച്ചത് എല്ലായിടത്തും നടപ്പില്‍വരുത്താനാണ് ശ്രമം. മോദിയും അമിത് ഷായും ഇപ്പോള്‍ ഡല്‍ഹിയിലാണല്ലൊ. ഇത് ഒരാളില്‍ മാത്രം പരിമിതമായിരിക്കില്ല. ഇത് വളരെ ആഴത്തിലുള്ളതാണ്. ഗുജറാത്തില്‍ നടത്തിയത് എല്ലായിടത്തും പയറ്റാനാണ് ശ്രമം. കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന തന്റെ മുന്‍നിലപാടിനെ ആനന്ദ് ശര്‍മ ന്യായീകരിച്ചു. ഇതിന് തെളിവുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. “രാഷ്ട്രീയക്കാരുടെയും ജഡ്ജിമാരുടെയും മറ്റുള്ളവരുടെയും ഫോണ്‍ ചോര്‍ത്തുന്നതിന് അവര്‍ക്ക് കത്ത് നല്‍കാറില്ല. ഫോണ്‍ ചോര്‍ത്തലിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കത്ത് നല്‍കിയാലേ അത് തെളിയിക്കാന്‍ പറ്റൂ. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് കഴിഞ്ഞ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും അത്തരമൊരു സംഭവമില്ലെന്ന നിലപാടിലായിരുന്നു ആഭ്യന്തര മന്ത്രി. ഇന്ത്യയെ പോലീസ് രാഷ്ട്രമാക്കി മാറ്റാന്‍ അനുവദിക്കില്ല. ആനന്ദ് ശര്‍മ പറഞ്ഞു.
കഴിഞ്ഞ മാസം മുതല്‍ “അവധി”യിലായ രാഹുല്‍ ഗാന്ധിയുടെ മുടി, കണ്ണുകള്‍, ചെവി തുടങ്ങിയവയടക്കമുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദിച്ചറിഞ്ഞത്. ഇത് ചാരപ്രവര്‍ത്തനമല്ലെന്നും സാധാരണ നടപടിയാണെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിക്ക് പുറത്ത് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
സാധാരണ വിഷയങ്ങളില്‍ പോലും ഗൂഢാലോചനയും നിയമത്തിന്റെ പുറത്തുള്ള കാര്യങ്ങളും കാണുന്ന കോണ്‍ഗ്രസിന്റെ സ്വഭാവം ശരിയല്ലെന്ന് ബി ജെ പി പ്രതികരിച്ചിരുന്നു.

Latest