സ്ത്രീധന പീഡന നിയമത്തില്‍ ഭേദഗതി വരുത്തുന്നു

Posted on: March 16, 2015 9:02 am | Last updated: November 4, 2015 at 7:37 pm
SHARE

law-litigaന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളുടെ വിചാരണാ വേളയില്‍ തന്നെ ദമ്പതികള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാനും അനുരഞ്ജനമുണ്ടാക്കാനും സാധ്യമാകുന്ന തരത്തില്‍ സ്ത്രീധന പീഡന നിയമം ഭേദഗതി ചെയ്യുന്നു. നിയമം ദുരുപയോഗം ചെയ്യുന്നത് കാരണം, ഭര്‍ത്താക്കന്‍മാര്‍ക്കും കുടുംബത്തിനും ഏറെ പീഡനമേല്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ജസ്റ്റിസ് മലിമാത് കമ്മിറ്റിയുടെയും ലോ കമ്മീഷന്റെയും നിര്‍ദേശപ്രകാരമാണിത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ഭേദഗതി ചെയ്യാനുള്ള കരട് നോട്ട് കേന്ദ്ര മന്ത്രിസഭ, കരട് ബില്‍ തയ്യാറാക്കാന്‍ നിയമമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ സ്ത്രീധന പീഡന നിയമം മുന്‍കൂര്‍ ജാമ്യം പോലുമില്ലാത്ത യാതൊരുവിധ അനുരഞ്ജനത്തിനും സാധ്യതയില്ലാത്ത കുറ്റമാണ്. കുറ്റവാളിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയെന്നതാണ് പോലീസിന്റെ ചുമതല. കോടതിയില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഭര്‍ത്താവും കുടുംബാംഗങ്ങളും കുറ്റക്കാരാണ്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.
ചെറിയ ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തന്നെ ഭാര്യയോ കുടുംബമോ ഭര്‍ത്താവിനെയും കുടുംബത്തെയും വ്യാജക്കേസുകളില്‍ കുടുക്കിയതായി പലപ്പോഴും ആരോപണമുയരാറുണ്ട്. ഇതില്‍ അനുരഞ്ജനത്തിനുള്ള സാധ്യതയുള്ളതിനാല്‍ വലിയ ദാമ്പത്യ തകര്‍ച്ചകളില്‍ നിന്നും നിരപാരധികള്‍ ശിക്ഷിക്കപ്പെടുന്നതില്‍ വലിയൊരളവില്‍ ആശ്വാസമുണ്ടാകും. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുമുണ്ടാക്കാം. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് കോടതിയുടെ അനുവാദം അനിവാര്യമാണ്. നിലവില്‍ സ്ത്രീധന പീഡനവിരുദ്ധ നിയമപ്രകാരമുള്ള കേസ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആയിരം രൂപ മാത്രമാണ് പിഴ. ഇത് 15000 ആക്കി ഉയര്‍ത്താനാണ് ഭേദഗതിയിലൂടെ ശ്രമം. ആരോപണവിധേയന് പിഴയടച്ച് ജയില്‍ ശിക്ഷ ഒഴിവാക്കാനുമാകും.
അതേസമയം, ഇത്തരമൊരു ഭേദഗതി സ്ത്രീധനവിരുദ്ധ നിയമത്തില്‍ വെള്ളം ചേര്‍ക്കലാണെന്ന് സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സ്വാള്‍ പറഞ്ഞു. പീഡിതസ്ത്രീകള്‍ക്ക് ഇത് സംരക്ഷണവും ആശ്വാസവും നല്‍കുന്നുവെന്നും അത് തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം മനുഷ്യാവകാശ ധ്വംസനമാണ്. അതില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.