Connect with us

National

കേന്ദ്ര ഉദ്യോഗസ്ഥരുടെ അവധി യാത്രാ ഇളവിന്റെ പരിധിയില്‍ സാര്‍ക് രാഷ്ട്രങ്ങളും

Published

|

Last Updated

ന്യൂഡല്‍ഹി: അവധി യാത്രാ ഇളവി (എല്‍ ടി സി)ന്റെ പരിധിയില്‍ പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നു. ഇക്കാര്യത്തില്‍ ഉടനെ അന്തിമതീരുമാനമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അര്‍ഹരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലീവും യാത്രക്ക് ചെലവായ പണം തിരികെ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് അവധി യാത്രാ ഇളവ് സംവിധാനം.
ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സാര്‍ക് മേഖലയിലെ വിനോദസഞ്ചാരം ഊര്‍ജിതമാക്കാനുമാണ് ഈ തീരുമാണം. സാര്‍ക് മേഖലയിലെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് അത്തരത്തിലൊരു നടപടിയാണ്. അതേസമയം, സുരക്ഷാ ആശങ്കയുള്ളതിനാല്‍ പാക്കിസ്ഥാനും മറ്റു ചില രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നതിന് ഈ ഇളവ് ലഭിക്കുകയില്ല. അവധി യാത്രാ ഇളവിന്റെ പുതിയ നിയമങ്ങളുടെ കരട് തയ്യാറാക്കല്‍ ആരംഭഘട്ടത്തിലാണെന്നും മന്ത്രാലയങ്ങള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെയേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
എല്‍ ടി സി പ്രകാരം സ്വന്തം നാട് മാത്രം സന്ദര്‍ശിക്കുകയെന്നതിന് പകരം ജമ്മു കാശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയും സന്ദര്‍ശിക്കാമെന്ന് തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു പ്രധാന നടപടിയാണിത്. 2016 സെപ്തംബര്‍ 25ഓടെ ഇത് പ്രാബല്യത്തില്‍ വരും. വിമാനയാത്ര നടത്താന്‍ പറ്റാത്ത ഉദ്യോഗസ്ഥര്‍ക്കും ഇക്കോണമി ക്ലാസിലെ യാത്രക്കുള്ള സാധ്യത പേഴ്‌നസല്‍ മന്ത്രാലയം ആരായുന്നുണ്ട്.
എല്‍ ടി സിയുടെ ദുരുപയോഗം തടയാനുള്ള നടപടികളും കേന്ദ്രം ആവിഷ്‌കരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എം പിമാരും ഉള്‍പ്പെട്ട വ്യാജ യാത്രാ ബില്‍ അഴിമതി സി ബി ഐ അന്വേഷിക്കുകയാണ്. എല്‍ ടി സിയുടെ ദുരുപയോഗം കര്‍ശനമായി ശ്രദ്ധിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന വിമാന ടിക്കറ്റുകള്‍ എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest