നിയമസഭയിലെ അനിഷ്ട സംഭവങ്ങള്‍ ഖേദകരം; അപമാനകരവും- കാന്തപുരം

Posted on: March 16, 2015 9:03 am | Last updated: November 4, 2015 at 7:37 pm
SHARE

kanthapuramദുബൈ: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കേരള നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ അങ്ങേയറ്റം ഖേദകരവും അപമാനകരവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ദുബൈയില്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദുബൈയിലെത്തിയ കാന്തപുരം വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിയമ നിര്‍മാണം നടത്തി ജനങ്ങളെ നേര്‍വഴിക്ക് നടത്തി സമാധാനവും ശാന്തിയും ഉറപ്പുവരുത്തേണ്ടവരാണ് ജന പ്രതിനിധികള്‍. അക്രമങ്ങള്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നതിനുമെതിരെ നിയമ നടപടികള്‍ തീരുമാനിക്കേണ്ടവരാണവര്‍. രാജ്യത്തിന്റെ അഖണ്ഡതയും അഭിമാനവും കാത്തു സൂക്ഷിക്കേണ്ടവര്‍.
പക്ഷെ വേലി തന്നെ വിളതിന്നുന്ന അതിഗുരുതരമായ പ്രവണതകളാണ് നിയമ സഭയില്‍ അരങ്ങേറിയത്. ഇത് ഇന്ത്യക്കാര്‍ക്ക് പൊതുവിലും കേളീയര്‍ക്ക് പ്രത്യേകിച്ചും അപമാനകരമാണ്.
ബജറ്റ് അവതരിപ്പിക്കാനും അതംഗീകരിക്കാനും അതിനെതിരെ ശബ്ദിക്കാനും തടയാനും നിയമങ്ങളുണ്ടെന്നിരിക്കെ അതിന്റെ പരിധിയില്‍നിന്ന് അവ ചെയ്യുന്നതിനു പകരം അവിവേകപരമായും ജന പ്രതിനിധികളുടെ അന്തസ്സിന് നിരക്കാത്ത രീതിയിലും കാര്യങ്ങള്‍ ചെയ്തത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തില്‍ എന്തുമാകാമെന്നതാണ് നിയമമെങ്കില്‍ പുതിയ നിയമനിര്‍മാണം ഇക്കാര്യത്തില്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഭരണ പ്രക്രിയയില്‍ ഭാഗഭാക്കാകുന്നവരാണ്. പൊതുജനങ്ങളുടെ നികുതികൊണ്ട് ഉണ്ടാക്കിയ പൊതുസൗകര്യങ്ങള്‍ നശിപ്പിക്കുകയെന്നത് വളരെ ഖേദകരമാണ്. അനീതിയും അക്രമവും ആരില്‍ നിന്നായാലും അനുവദിച്ചുകൂടാ. മാറിമാറിവരുന്ന ജനപ്രതിനിധികള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് നിയമ സഭയിലെ സംവിധാനങ്ങളും സൗകര്യങ്ങളും. അത് നശിപ്പിക്കുകയെന്നത് അംഗീകരിച്ചു കൂടാ.
സഭയില്‍ അതിരുകടന്ന് പ്രവര്‍ത്തിച്ചവര്‍ ആരായാലും പൊതുജനങ്ങളോട് മാപ്പു പറയണമെന്നും നിയമം മറികടന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ പക്വത ജനപ്രതിനിധികള്‍ കാണിക്കണമെന്നും കാന്തപുരം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.