Connect with us

Kerala

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ഡോ. സുലേഖയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെ അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ പി സി സി നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് നീക്കം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡോ. സുലേഖയുമായി ഇന്നലെ ചര്‍ച്ച നടത്തി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും സുലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
എല്‍ ഡി എഫിലായിരുന്നപ്പോള്‍ ആര്‍ എസ് പി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു അരുവിക്കര. ഇപ്പോള്‍ യു ഡി എഫിലുള്ള ആര്‍ എസ് പി ഈ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് തയാറാകില്ല. അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി യു ഡി എഫിലോ കോണ്‍ഗ്രസിലോ തര്‍ക്കമുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുലേഖയെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനമെന്നാണറിയുന്നത്. കാര്‍ത്തികേന്റെ വ്യക്തിപ്രഭാവം മണ്ഡലത്തില്‍ ഏറെ സ്വാധീമുണ്ടാക്കിയിരുന്ന കാര്യവും ഇതിനുള്ള ന്യായീകരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ഡയറക്ടറാണ് ഡോ.സുലേഖ.
അതേസമയം ബജറ്റിലെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന് കെ പി സി സി നേതൃത്വം ആവശ്യപ്പെടും. ഒപ്പം അവശ്യസാധനങ്ങളുടെ വിലകൂട്ടുന്ന നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നും ആവശ്യമുന്നയിക്കും. ഇന്നുചേരുന്ന കെ പി സി സി യോഗം പ്രമേയത്തിലൂടെയായിരിക്കും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുക. യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.