Connect with us

Sports

ഓപ്പണര്‍മാരുടെ മികവില്‍ പാക്കിസ്ഥാന്‍

Published

|

Last Updated

അഡ്‌ലെയ്ഡ്: സര്‍ഫ്രാസ് അഹ്മദിനെ കന്നി സെഞ്ച്വറി മികവില്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ആറ് മത്സരങ്ങളില്‍ നാല് ജയങ്ങള്‍ സ്വന്തമാക്കിയാണ് പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. തോല്‍വിയോടെ അയര്‍ലാന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ബിയില്‍ നടന്ന നിര്‍ണായ മത്സത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു പാക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 46.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പാക്കിസ്ഥാന്‍ മറികടന്നു. തകര്‍പ്പന്‍ സെഞ്ച്വറിലൂടെ പാക്കിസ്ഥാനെ മുന്നില്‍ നിന്ന് നയിച്ച ഓപ്പണര്‍ സര്‍ഫ്രാസ് അഹ്മദാണ് മാന്‍ ഓഫ് ദ മാച്ച്. 124 പന്തുകളില്‍ 101 റണ്‍സുമായി സര്‍ഫ്രാസ് പുറത്താകാതെ നിന്നു.
അയര്‍ലാന്‍ഡ് ഉയര്‍ത്തിയ മോശമല്ലാത്ത ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ അഹ്മദ് ഷഹസാദും സര്‍ഫ്രാസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. മികച്ച തുടക്കം ലഭിക്കാതിരുന്നതാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാന് വിനയായത്. എന്നാല്‍ അത് തിരുത്തുന്ന പ്രകടനത്തിലൂടെ ഇരുവരും പാക് ബാറ്റിംഗിന് അടിത്തറയിടുകയായിരുന്നു.
താരതമ്യേന ദുര്‍ബലരായ അയര്‍ലാന്‍ഡ് ബൗളിംഗ് നിരക്കെതിരെ ഇരുവരും അനായാസമായി ബാറ്റേന്തി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഷെഹ്‌സാദിലൂടെയാണ് (63) പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. തോംസണിന്റെ പന്തില്‍ ജോയ്‌സെ പിടിച്ചു പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ ഹാരിസ് സൊഹൈല്‍ മൂന്ന് റണ്‍സെടുത്ത് റണ്ണൗട്ടായെങ്കിലും മിസ്ബ ഉള്‍ ഹഖിനെയും ഉമര്‍ അക്മലിനെയും കൂട്ടുപിടിച്ച് സര്‍ഫ്രാസ് പാക്കിസ്ഥാനെ വിജയതീരത്തെത്തിച്ചു. മിസ്ബ 39 റണ്‍സെടുത്ത് ഹിറ്റ് വിക്കറ്റായി. ഉമര്‍ അക്മല്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി അലക്‌സ് കുസാകും ജോണ്‍ മൂണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, അയര്‍ലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോയെയായിരുന്നു. മൂന്നാമത്തെ ഓവറില്‍ സ്‌കോര്‍ 11ല്‍ നില്‍ക്കെ പോള്‍ സ്റ്റിര്‍ലിംഗിന്റെ (3) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എഡ് ജോയ്‌സ് (11), നില്‍ ഒബ്രയാന്‍ (12), ആന്‍ഡ്രു ബാല്‍ബ്രിന്‍ (18), ഗാരി വില്‍സണ്‍ (29) എന്നിവരും വേഗത്തില്‍ പുറത്തായി. എന്നാല്‍ പാക് ബൗളിംഗിനെ മികച്ച രീതിയില്‍ നേരിട്ട ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനു പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 131 പന്ത് നേരിട്ട അദ്ദേഹം 11 ഫോറും ഒരു സിക്‌സും അടക്കം 107 റണ്‍സെടുത്തു. പോര്‍ട്ടര്‍ഫീല്‍ഡിന്റെ ഏഴാം ഏകദിന സെഞ്ച്വറി കൂടിയാണിത്. 131 പന്തില്‍ 107 റണ്‍സെടുത്ത അദ്ദേഹത്തെ സൊഹൈല്‍ ഖാന്റെ പന്തില്‍ ഷാഹിദ് അഫ്രീദി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഗാരി വില്‍സണ്‍ (29)നും അയര്‍ലാന്‍ഡിനായി ഭേദപ്പെട്ടെ ബാറ്റിംഗ് കാഴ്ചവെച്ചു. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും സൊഹൈല്‍ ഖാന്‍, റഹാത് അലി എന്നിവര്‍ രണ്ടും വീതം വിക്കറ്റുകളും നേടി.