Connect with us

Sports

ഹോള്‍ഡര്‍ എറിഞ്ഞിട്ടു; വിന്‍ഡീസിന് വമ്പന്‍ ജയം

Published

|

Last Updated

നേപ്പിയര്‍: യു എ ഇക്കെതിരെ വമ്പന്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത യു എ ഇയെ 175 റണ്‍സില്‍ ഒതുക്കിയ വിന്‍ഡീസ് 30.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മികച്ച ജയം സ്വന്തമാക്കുകയും പാക്കിസ്ഥാന്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് വിന്‍ഡീസിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത്. അയര്‍ലാന്‍ഡും വിന്‍ഡീസും മൂന്ന് കളികളില്‍ വിജയിച്ചെങ്കിലും മികച്ച റണ്‍റേറ്റ് വിന്‍ഡീസിന് തുണയാകുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.
യു എ ഇ ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യം ജോണ്‍സണ്‍ ചാള്‍സ് (55), ജൊനാഥന്‍ കാര്‍ട്ടര്‍ (50 നോട്ടൗട്ട്) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനത്തിലൂടെ വിന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു. ദിനേശ് രാംദിന്‍ 33 റണ്‍സോടെ പുറത്താകാതെ നിന്നു. സ്മിത്ത് 15 റണ്‍സെടുത്ത് പുറത്തായി. യു എ ഇക്ക് വേണ്ടി അംജദ് ജാവേദ്, മഞ്ജുള ഗുരുഗെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ആദ്യം ബാറ്റു ചെയ്ത യു എ ഇയെ വിന്‍ഡീസ് ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല. ക്യാപ്റ്റന്‍ ജയ്‌സണ്‍ ഹോള്‍ഡറിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുമ്പില്‍ യു എ ഇ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടടിച്ചു. സ്‌കോര്‍ 13ല്‍ നില്‍ക്കെ ബെറംഗീറിനെ (7) ഹോള്‍ഡറിന്റെ പന്തില്‍ രാംദിന്‍ പിടിച്ചു പുറത്താക്കി. തൊട്ടുപിന്നാലെ മലയാളി താരം കൃഷ്ണ ചന്ദ്രനെയും (0) ഹോള്‍ഡര്‍ പവലിയനിലേക്കയച്ചു. അംജദ് അലിയെ (5) ഹോള്‍ഡര്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കി. പിന്നാലെ ക്യാപ്റ്റന്‍ ഖുറം ഖാനും (5), ഷെയ്മാന്‍ അന്‍വറും (2), സ്വപ്‌നില്‍ പാട്ടീലും (6) പുറത്തായതോടെ യു എ ഇ സ്‌കോര്‍ 13.5 ഓവറില്‍ ആറ് വിക്കറ്റിന് 46.
അവിടെ നിന്ന് വാലറ്റക്കാരായ നാസിര്‍ അസീസിന്റെയും(60) അംജദ് ജാവേദിന്റെയും (56) അര്‍ധ സെഞ്ച്വറികളാണ് യു എ ഇയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ആറിന് 46 എന്ന നിലയില്‍ നിന്ന് പതറിയ യു എ ഇയെ ഇരുവരും ചേര്‍ന്ന് നൂറു കടത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം ടോട്ടല്‍ 153 ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ടു തകര്‍ന്നത്. നാസിറും അംജദും പുറത്തായ ശേഷം പിന്നാലെ വന്നവരും വേഗം പുറത്തായി. മൂഹമ്മദ് നവീദ് (14) റണ്‍സെടുത്തു. മൂന്ന് ബാറ്റ്‌സ്മാന്‍മാരും വെസ്റ്റിന്‍ഡീസ് നല്‍കിയ എക്‌സ്ട്രാസും (14) മാത്രമാണ് രണ്ടക്കം കടന്നത്.
ഹോള്‍ഡര്‍ നാല് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ജെറോം ടെയ്‌ലര്‍ മൂന്ന് വിക്കറ്റുമായി ക്യാപ്റ്റന് പിന്തുണ നല്‍കി. ക്വാര്‍ട്ടറില്‍ കരുത്തരായ ന്യൂസിലാന്‍ഡാണ് വിന്‍ഡീസിന്റെ എതിരാളികള്‍.