Connect with us

Kerala

പ്രതിപക്ഷത്തിന്റേത്‌ ക്രിമിനല്‍ കുറ്റം: ഭരണപക്ഷത്തെ ന്യായീകരിച്ച് സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഭരണപക്ഷ എം എല്‍ മാരെ ന്യായീകരിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്ത്. നിയമസഭാ ചീഫ് മാര്‍ഷല്‍ ആല്‍വിന്‍ ആന്റണിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷത്തിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും എന്നാല്‍ ഭരണപക്ഷ എം എല്‍ മാരുടെ പ്രതികരണം സ്വാഭാവികമാണെന്നുമാണ് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞത്. സ്പീക്കറുടെ ഡയസ് തകര്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസും കമ്പ്യൂട്ടറും തകര്‍ത്ത പ്രതിപക്ഷ എം എല്‍ എമാരുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എം എല്‍ എമാര്‍ ഭരണപക്ഷത്തെ അവരുടെ സീറ്റില്‍ പോയി ആക്രമിക്കുകയായിരുന്നു. അപ്പോള്‍ ഭരണപക്ഷ എം എല്‍ എമാര്‍ പ്രതികരിച്ചിട്ടുണ്ടാകാം. അത് സ്വാഭാവികം മാത്രമാണ്. ബജറ്റ് അവതരണത്തിന് ശേഷം ഭരണപക്ഷ എം എല്‍ എമാര്‍ ലഡു വിതരണം ചെയ്തത് താന്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലുണ്ടായ സംഭവങ്ങളെ ക്കുറിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സഭ സമ്മേളിക്കുന്ന കാലത്ത് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ എണ്ണം കൂട്ടുന്നത് സാധാരണമാണ്.
ചീഫ് മാര്‍ഷലിന്റെ വീടിനു നേരെയുണ്ടായ ആക്രമണം നിയമസഭയില്‍ നടന്നതിന്റെ ബാക്കിയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest