പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം; പതിനഞ്ച് മരണം

Posted on: March 15, 2015 4:00 pm | Last updated: November 4, 2015 at 7:37 pm
SHARE

Citizens gather in front of a church following suicideലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലാഹോറിലെ യോഹാനാബാദിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാനി തെഹ്‌രികെ താലിബാനില്‍ നിന്ന് വിഘടിച്ച ജമാഅത്തുര്‍ അഹ്‌റാര്‍ എന്ന സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരെ ലാഹോര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും തെഹ്‌രികെ താലിബാന്‍ ജമാഅത്തുര്‍ അഹ്‌റാര്‍ വക്താവ് അഹ്‌സനുല്ല അഹ്‌സന്‍ പറഞ്ഞു. ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌ഫോടനം നടന്ന പള്ളികളിലൊന്നിന്റെ പ്രധാന ഗേറ്റ് അടച്ചിട്ട ശേഷം ചെറിയ ഗേറ്റിലൂടെ ആളുകള്‍ പുറത്തേക്ക് കടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷി പറയുന്നു.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേര്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാളുടെ മൃതദേഹത്തിന് തീയിട്ടു. നിരവധി വാഹനങ്ങളും മെട്രൊ ബസ് സ്റ്റേഷനും തകര്‍ത്തു. ക്രിസ്ത്യന്‍ വിഭാഗം കൂടുതലായി താമസിക്കുന്ന പ്രദേശമാണ് യോഹന്നാബാദ്. 2013ല്‍ പെഷാവറിലെ ക്രിസ്ത്യന്‍ പള്ളിത്ത് നേരെയുണ്ടായ ആക്രമണത്തില്‍ എണ്‍പത് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.