പള്ളികള്‍ വെറും കെട്ടിടം, പൊളിക്കാമെന്ന് സുബ്രഹ്മണ്യം സ്വാമി

Posted on: March 15, 2015 12:54 pm | Last updated: November 4, 2015 at 7:37 pm
SHARE

subrahmanya swamiഗുവാഹത്തി: പള്ളി ആരാധനാലയമല്ലെന്നും എപ്പോള്‍ വേണമെങ്കിലും പൊളിക്കാമെന്നും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം സുബ്രഹ്മണ്യം സ്വാമി. അസമില്‍ നടന്ന ഒരു ചടങ്ങിലാണ് സ്വാമി വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സുബ്രഹ്മണ്യം സ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 120(ബി) പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, 153 (എ) പ്രകാരം മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പള്ളി വെറും ഒരുകെട്ടിടം മാത്രമാണ്. അത് ആരാധനാലയമല്ല. എപ്പോള്‍ വേണമെങ്കിലും പൊളിക്കാം. ഇക്കാര്യത്തില്‍ വിയോജിപ്പുള്ളവരോട് സംവാദത്തിന് തയ്യാറാണ്. സഊദി അറേബ്യയില്‍ നിന്നാണ് തനിക്ക് ഇക്കാര്യം മനസ്സിലായതെന്നുമാണ് സ്വാമിയുടെ വിവാദ പ്രസ്താവന. അസമിന് ശേഷം ഗുവാഹത്തിയില്‍ നടന്ന ചടങ്ങിലും സ്വാമി ഇതേ പ്രസ്താവന ആവര്‍ത്തിച്ചു.

അസമില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് സ്വാമിയുടെ പ്രസ്താവനയെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.