ഡല്‍ഹിയില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കി

Posted on: March 15, 2015 12:25 pm | Last updated: November 4, 2015 at 7:37 pm
SHARE

Radio_Taxi_generic_650ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളില്‍ ദിശനിര്‍ണയത്തിനുള്ള ജി പി എസ് (ഗ്ലോബല്‍ പൊസിഷ്യനിംഗ് സിസ്റ്റം) സംവിധാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട ടാക്‌സികള്‍ക്കും ഉത്തരവ് ബാധകമാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ജി പി എസ് സംവിധാനം ഇല്ലാത്ത ടാക്‌സി വാഹനങ്ങള്‍ക്ക് ഇനി ഫിറ്റ്‌നസ് സര്‍ട്ടീഫിക്കറ്റ് ലഭിക്കില്ല.

25 വയസ്സുകാരി ടാക്‌സി കാറില്‍ പീഡിപ്പിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. 15000ല്‍ അധികം ടാക്‌സികള്‍ ഡല്‍ഹിയില്‍ ഉടനീളം സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം, സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡല്‍ഹിയിലെ ടാക്‌സി തൊഴിലാളികളുടെ സംഘടന രംഗത്ത് വന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജി പി എസ് വെച്ചത് കൊണ്ട് മാത്രം സാധിക്കില്ലെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഡല്‍ഹി ടാക്‌സി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.