Connect with us

Articles

ഉപരോധിക്കാന്‍ മാത്രം വെനിസ്വേലയില്‍ എന്താണ് ഉള്ളത്?

Published

|

Last Updated

പുതിയ ഉപരോധം. ശത്രുതക്ക് കൂടുതല്‍ ആഴം. ഇറാനില്‍ നിന്നും ക്യൂബയില്‍ നിന്നും വിരമിക്കാന്‍ പോകുന്ന ഉപരോധ ആയുധം ഉറയിലിടുന്നില്ല അമേരിക്ക. തങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പിന് ഭീഷണിയാണ് വെനിസ്വേലയെന്ന് പ്രഖ്യാപിക്കുക വഴി ലാറ്റിന്‍ അമേരിക്കയില്‍ യു എസ് പുതിയ ഗോള്‍ പോസ്റ്റ് സ്ഥാപിക്കുകയാണ്. വെനിസ്വേലയുമായി അമേരിക്കക്ക് പൂര്‍ണ തോതിലുള്ള നയതന്ത്ര ബന്ധം ഇല്ലാതായിട്ട് നിരവധി വര്‍ഷങ്ങളായി. അട്ടിമറിക്ക് ശ്രമിച്ചുവെന്നാരോപിച്ച് 2008ല്‍ അന്നത്തെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ സ്ഥാനപതിയെ പുറത്താക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയുക തന്നെയായിരുന്നു. അത് എക്കാലത്തും സംശയത്തിന്റെ നിഴലിലായിരുന്നു. അമേരിക്കയുടെ കടുത്ത വിമര്‍ശകനായ ഹ്യൂഗോ ഷാവേസ് വെനിസ്വേലന്‍ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായി അമേരിക്കന്‍ വിരുദ്ധതയെ പ്രതിഷ്ഠിച്ചു. ജോര്‍ജ് ഡബഌയു ബുഷ് സംസാരിച്ച് കഴിഞ്ഞ ശേഷം യു എന്‍ പൊതു സഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഷാവേസ് തുടങ്ങിയത് ഇങ്ങനെയായിരുന്നു: “ഇവിടെ വെടി മരുന്നിന്റെ മണം അവസാനിച്ചിട്ടില്ല. കൊലയാളി നിന്നിടത്ത് നിന്ന് മറ്റൊരു ഗന്ധം ഉണ്ടാകാനിടയില്ലല്ലോ”. അമേരിക്ക ഉപരോധം കൊണ്ട് വരിഞ്ഞു മുറുക്കുന്നവര്‍ക്കെല്ലാം കൂട്ടുകാരനായിരുന്നു ഷാവേസ്. ഇറാനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ക്യൂബയുമായുള്ള കൂട്ടുകെട്ടും ബൊളിവേറിയന്‍ സഖ്യത്തിനുള്ള നേതൃ സ്ഥാനവും എല്ലാം ഷാവേസിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രഖ്യാപനങ്ങളായിരുന്നു. ഇസ്‌റാഈലിനോടും അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്തമായിരുന്നില്ല. ബദല്‍ സ്വപ്‌നങ്ങള്‍ക്ക് അദ്ദേഹം പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു. പ്രകടനപരതയുടെ ആശാനെന്നും അതിവൈകാരികതയുടെ പ്രസിഡന്റെന്നുമൊക്കെ അദ്ദേഹത്തെ വിമര്‍ശിക്കാം. തന്റെ പ്രത്യയശാസ്ത്ര അജന്‍ഡകള്‍ നടപ്പാക്കാനായി ഷാവേസ് വാശി പിടിച്ചപ്പോള്‍ വെനിസ്വേലന്‍ ജനതക്ക് നഷ്ടമായത് ആധുനികവത്കരണത്തിനുള്ള അവസരമാണെന്നും കുറ്റപ്പെടുത്താം. പക്ഷേ, ലാറ്റിനമേരിക്കയിലെ പ്രബല രാഷ്ട്രമായി വെനിസ്വേലയെ മാറ്റിയെടുത്തത് ഷാവേസ് മാജിക്ക് തന്നെയായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. എണ്ണ സമ്പത്തിന്റെ ദേശസാത്കരണമടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഷാവേസിനെ വന്‍കിട കുത്തക കമ്പനികളുടെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഒന്നാം നമ്പര്‍ ശത്രുവാക്കി മാറ്റി.
ഷാവേസിന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ നിക്കോളാസ് മദുറോയിലേക്കും ആ ശത്രുതയുടെ വൈറസ് പടര്‍ന്നു. അതങ്ങനെയാകാതെ തരമില്ല. ഷാവേസിന്റെ ഫോട്ടോസ്റ്റാറ്റാണ് മദുറോ എന്നത് തന്നെയാണ് കാരണം. ഷാവേസിനോട് അദ്ദേഹം ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. ഒന്നും കുറക്കുന്നുമില്ല. കാപ്രിലസുമായി അദ്ദേഹം തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയപ്പോഴും യഥാര്‍ഥത്തില്‍ മത്സരിച്ചത് “ഷാവേസ്” ആയിരുന്നു. മരിച്ചു കഴിഞ്ഞ ഷാവേസ് തിരഞ്ഞെടുപ്പു ഗോദയില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മദുറോക്ക് പക്ഷേ, തന്റെ ഗുരുവിനെപ്പോലെ ആളെക്കൂട്ടാനുള്ള കഴിവുണ്ടായിരുന്നില്ല. അദ്ദേഹം വാക്ചാതുര്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. പഴയ ഡ്രൈവറും തൊഴിലാളി യൂനിയന്‍ നേതാവുമായ മദുറോ എല്ലാ കാലത്തും ഷാവേസിന്റെ നിഴലിലായിരുന്നു. വിദേശകാര്യ മന്ത്രിയാക്കിയതും വൈസ് പ്രസിഡന്റാക്കിയതും ഒടുവില്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഭാവിയിലേക്ക് വഴി തുറന്നതും ഷാവേസാണ്. അത്‌കൊണ്ട് ഷാവേസിന്റെ വാക്കും ശൈലിയും തന്നെയാണ് മദുറോ ആയുധമാക്കിയത്. “ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മദുറോ” എന്നായിരുന്നു ഔദ്യോഗിക മുദ്രാവാക്യം. “ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മദുറോക്ക്” എന്നര്‍ഥം. യുവാക്കളുടെ ടി ഷര്‍ട്ടുകളില്‍ ഈ വാക്കുകള്‍ ഷാവേസിന്റെ ചിത്രത്തിനൊപ്പം നീണ്ട് നിവര്‍ന്ന് കടന്നു. ഒടുവില്‍ വോട്ടെണ്ണിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. വെനിസ്വേലന്‍ ജനത ഷാവേസിയന്‍ ഭരണക്രമത്തിന് തുടര്‍ച്ച നല്‍കിയിരിക്കുന്നു. എന്നാല്‍ നിക്കോളാസ് മദുറോയെ കൈയൊഴിഞ്ഞുമിരിക്കുന്നു. മദുറോ ജയിച്ചത് നേരിയ ഭൂരിപക്ഷത്തിലാണെന്നര്‍ഥം.
ഈ ബലഹീനത തുടര്‍ന്നുള്ള ദിനങ്ങളില്‍ കൂടുതല്‍ ദൃശ്യമായി. ആഭ്യന്തര പ്രതിസന്ധികള്‍ മൂര്‍ച്ഛിച്ചു കൊണ്ടിരുന്നു. എണ്ണ വിലയിടിവ് ഒപെക് രാഷ്ട്രമായ വെനിസ്വേലയില്‍ സൃഷ്ടിച്ച ആഘാതം അത്യന്തം ഭീകരമായിരുന്നു. ഖജനാവ് കാലിയാകാന്‍ തുടങ്ങി. ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരുകയാണ്. ഇത് മുതലെടുത്ത് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. മദുറോ സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ഈ പ്രക്ഷോഭത്തിന് അമേരിക്കയുടെ രഹസ്യ പിന്തുണയുണ്ട്. ഇങ്ങനെ അങ്ങേയറ്റം ദുര്‍ബലമായ വെനിസ്വേലയെ ചൂണ്ടിയാണ് അമേരിക്ക ഭീഷണിയെന്ന് അലമുറയിടുന്നത്. വല്ലാത്ത വിരോധാഭാസമാണ് അത്. ലോകത്തെ ഏറ്റവും ശക്തമായ സായുധ രാഷ്ട്രം, വെനിസ്വേലയെപ്പോലെ പ്രതിസന്ധികളിലേക്ക് കൂപ്പു കുത്തുന്ന ഒരു രാഷ്ട്രത്തിന് നേരെ ഉപരോധം പ്രഖ്യാപിക്കുന്നു. അവര്‍ സുരക്ഷാ ഭീഷണിയാണെന്ന് പ്രഖ്യാപിക്കുന്നു. എന്താണ് സുരക്ഷ? എന്താണ് ഭീഷണി?
മനുഷ്യാവകാശ ലംഘന കുറ്റം ആരോപിച്ച് വെനിസ്വേലന്‍ ഭരണത്തിലെ ഏഴ് പേര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവിലാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചിരിക്കുന്നത്. ദേശീയ രഹസ്യാന്വേഷണ മേധാവി ഗുസ്താവോ ഗോണ്‍സാല്‍വസ്, പോലീസ് മേധാവി മാനുവല്‍ പെരസ്, നാഷനല്‍ ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഹുസ്‌തോ നൊഗിറോ മറ്റ് സൈനിക ഓഫീസര്‍മാര്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ എന്നിവര്‍ക്കാണ് ഉപരോധം. ഇവരുടെ ആസ്തി മരവിപ്പിക്കാനും അമേരിക്കന്‍ യാത്ര നിഷേധിക്കാനും അമേരിക്കന്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നത് വിലക്കാനും ഉപരോധത്തില്‍ വകുപ്പുണ്ട്. ഉപരോധത്തെ വെല്ലുവിളിക്കാന്‍ ഷാവേസിന്റെ മാതൃക തന്നെ സ്വീകരിച്ചു മദുറോ. അദ്ദേഹം പ്രസിഡന്‍ഷ്യല്‍ പാലസിന്റെ മട്ടുപ്പാവില്‍, ഉപരോധിതരായ ഏഴ് പേര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു.
ഇളകി മറിയുന്ന അനുയായികളോട് രണ്ട് മണിക്കൂറാണ് പ്രസംഗിച്ചത്. “ഇവര്‍ ദേശീയ നായകരാണ്. രാജ്യത്തെ ശിഥിലമാക്കുന്ന ശക്തികളെ ചെറുത്തവരാണ്. ഇവരെ ഒരു ഉപരോധത്തിനും വിട്ട് കൊടുക്കില്ല. ഉപരോധം കൊണ്ടൊന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ തളര്‍ത്താനാകില്ല. അത് അമേരിക്കയും ലോകവും മനസ്സിലാക്കണം. പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ് ബന്ധമെങ്കില്‍ തുടരാം. അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കട്ടെ” മദുറോ പറഞ്ഞു. ഗോണ്‍സാലസിനെ ആഭ്യന്തര മന്ത്രിയായി വാഴിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രക്ഷോഭം വിദേശശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്ത അട്ടമറി ശ്രമമാണെന്ന നിലപാടിലാണ് മദുറോ ഭരണകൂടം. ഈ പ്രക്ഷോഭത്തെ കായികമായി അടിച്ചമര്‍ത്തുന്നു സര്‍ക്കാര്‍. സ്വാഭാവികമായും ഇത് അമേരിക്കക്ക് മനുഷ്യാവകാശ ലംഘനമാകുന്നു.
പെട്രോ വിഭവങ്ങളുടെ ബുദ്ധിപൂര്‍വമായ ഉപയോഗം വഴി വെനിസ്വേല സാമ്പത്തികമായി മെച്ചപ്പെടുന്നതിലല്ല യു എസിന്റെ അമര്‍ഷം. ഭാവിയില്‍ തങ്ങളുടെ കമ്പോളമാകേണ്ട ഇടമാണ് അവര്‍ക്ക് വെനിസ്വേലയും. മാത്രമല്ല, എണ്ണവിലയുടെ രാഷ്ട്രീയത്തില്‍ അമേരിക്ക ജയിച്ചു നില്‍ക്കുന്ന ഘട്ടവുമാണിപ്പോള്‍. പിന്നെ എന്താണ് പ്രശ്‌നം? ഷാവേസ് തന്നെയാണ് പ്രശ്‌നം. ഷാവേസ് ഇന്നും “ജീവിച്ചിരിക്കുന്നു” മദുറോയിലൂടെ അദ്ദേഹം പ്രസംഗിക്കുന്നു, പ്രവര്‍ത്തിക്കുന്നു. വെനിസ്വേല സൃഷ്ടിക്കുന്ന ഈ ബദല്‍ രാഷ്ട്രീയത്തെയാണ് അമേരിക്ക ഭയക്കുന്നത്. ജനാധിപത്യ സോഷ്യലിസത്തിന്റെയും മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ പ്രായോഗങ്ങളുടെയും വിജയിച്ച മാതൃകയായി വെനിസ്വേല നിലകൊള്ളുന്നത് ഏകധ്രുവ ലോകത്തിന് ഏല്‍പ്പിക്കുന്ന പ്രഹരം വളരെ വലുതാണ്. സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ഷാവേസില്ലാഞ്ഞിട്ടും വെനിസ്വേല നേതൃത്വം വഹിക്കുന്നുവെന്നത് യു എസിന് സഹിക്കാനാകുന്നില്ല.
ക്യൂബയുമായി ഈയിടെ ഉണ്ടാക്കിയ ബാന്ധവം ലാറ്റിനമേരിക്കയിലേക്ക് കടന്നു കയറാനുള്ള വാതിലായി അമേരിക്ക കാണുന്നുണ്ടാകാം. റഷ്യയാണെങ്കില്‍ ഉപരോധത്തിന്റെ വിഷമവൃത്തത്തില്‍ ഉഴലുകയാണ്. ലാറ്റിനമേരിക്കന്‍ അല്‍ബാ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ബൊളീവിയയോ വെനിസ്വേലയോ ആയിരിക്കാം. പക്ഷേ ക്യൂബ ആത്മവിശ്വാസ സ്രോതസ്സാണെന്ന് യു എസ് കണക്കുകൂട്ടുന്നു. ചിലി, ബൊളീവിയ, ഗ്വാട്ടിമാല, ഇക്വഡോര്‍, പരാഗ്വേ, നിക്കരാഗ്വേ, എല്‍ സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ക്യൂബന്‍ ചുവട്മാറ്റം വന്‍ സ്വാധീനം ചെലുത്തുമെന്നാണ് ഒബാമ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മുതലാളിത്ത, കമ്പോളവത്കൃത സാമ്പത്തിക ക്രമത്തിലേക്ക് ചുവട് മാറാന്‍ ഇവിടുത്തെ ഇടത് സര്‍ക്കാറുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ വാശിപിടിക്കും. ഇത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കും. ഈ പ്രശ്‌നങ്ങളിലേക്ക് സി ഐ എയുടെ ചാരന്‍മാര്‍ ആഴ്ന്നിറങ്ങുന്നതോടെ ശിഥിലീകരണ പദ്ധതി എളുപ്പമാകും.
വെനിസ്വേലക്കുള്ള പിന്തുണ ക്യൂബ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. വെനിസ്വേല ഒറ്റക്കല്ലെന്നും ഏകപക്ഷീയവും അക്രമോത്സുകവുമായ ഉപരോധം അംഗീകരിക്കാനാകില്ലെന്നും ക്യൂബന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കയുടെ ഉപരോധമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയുമായി പുതുതായി ആരംഭിച്ച നയതന്ത്ര ബന്ധം മേഖലയിലെ തങ്ങളുടെ സൗഹൃദത്തെ ഒരു നിലക്കും ബാധിക്കുന്ന പ്രശ്‌നമില്ലെന്ന പ്രഖ്യാപനമാണ് ഈ പ്രസ്താവന.
പക്ഷേ, നയതന്ത്ര ബന്ധത്തിനപ്പുറം അമേരിക്കയുമായി സാമ്പത്തിക ബന്ധത്തിലേക്ക് നീങ്ങുന്ന ക്യൂബക്ക് ഈ നിലപാട് ഏതറ്റം വരെ തുടരാനാകുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അമേരിക്ക ഒരു പടി കൂടി മുന്നോട്ട് പോയാല്‍ വെനിസ്വേലക്ക് വേണ്ടി ഈ ബന്ധം അറുത്തു മാറ്റാന്‍ ക്യൂബ തയ്യാറാകുമോ എന്നതാണ് ചോദ്യം. അമേരിക്കന്‍ ഉപരോധത്തില്‍ നിന്ന് പുറത്ത് കടന്നതിന്റെ ആശ്വാസം ക്യൂബയില്‍ പ്രകടമാണ്. ഈ അവസ്ഥ പെട്ടെന്ന് അസ്തമിച്ചു പോകാന്‍ ക്യൂബ തത്കാലം ആഗ്രഹിക്കുന്നില്ല. ബൊളിവേറിയന്‍ വിപ്ലവ ഐക്യത്തിന്റെ തകര്‍ച്ചയാകും ഈ നിലപാട് തുടര്‍ന്നാല്‍ സംഭവിക്കുക.
ഇപ്പോള്‍ ചിത്രം വ്യക്തമാണ്. ഒന്നും കാണാതെയല്ല അമേരിക്ക ക്യൂബയുമായി “ഭായി ഭായി” ആയത്. വെനിസ്വേല സുരക്ഷാ ഭീഷണിയാകുന്നതും വെറുതെയല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്