Connect with us

Editorial

നടുവൊടിക്കുന്ന ബജറ്റ്

Published

|

Last Updated

കോണ്‍ഗ്രസ് എന്നോ, കേരളാ കോണ്‍ഗ്രസ് എന്നോ, ബി ജെ പിയെന്നോ പേരുകൊണ്ട് വിത്യസ്തരെങ്കിലും ഇവരുടെയെല്ലാം സാമ്പത്തിക നയ നിലപാടുകളില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കെ എം മാണി അവതരിപ്പിച്ച യു ഡി എഫ് സഖ്യത്തിന്റെ കേരള ബജറ്റിലും പൊതു സ്വഭാവത്തില്‍ അത്രമാത്രം സാമ്യം കാണാം. ഉള്ളവന് (കോര്‍പ്പറേറ്റുകള്‍ക്ക് ) ഉദാരമായി മടിശ്ശീല അഴിച്ച്‌കൊടുക്കുമ്പോള്‍, ജീവിതഭാരം താങ്ങാനാകാതെ നടുവൊടിഞ്ഞ പാവങ്ങളുടെ മുണ്ട് കൂടുതല്‍ വലിച്ച്മുറുക്കി മുതുകില്‍ കൂടുതല്‍ ഭാരം തള്ളിക്കയറ്റുന്നത് നോക്കുക. ജയ്റ്റ്‌ലിയുടേത് കന്നി ബജറ്റ്, മാണിയുടേത് പതിമൂന്നാമത് ബജറ്റ് എന്ന വ്യത്യാസം മാത്രം. കേരളീയരുടെ മുഖ്യ ആഹാരം അരിയും അരി ഉത്പന്നങ്ങളും തന്നെ. മന്ത്രി മാണിയും വ്യത്യസ്തനല്ല. എന്നിട്ടും അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ്, മൈദ, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി അവശ്യസാധനങ്ങള്‍ക്കെല്ലാം നികുതി ചുമത്തി. പോരാത്തതിന് പെട്രോളിനും, ഡീസലിനും ലിറ്റര്‍ ഒന്നിന് ഒരു രൂപ അധിക വില്‍പ്പന നികുതിയും ചുമത്തി. ഉപ്പ്‌തൊട്ട് സര്‍വതിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കടത്തുകൂലി ഇനത്തില്‍ അമിത ഭാരം ചുമക്കേണ്ടിവരുന്നു.
മൊത്തം 77,431 കോടി രൂപ വരവും 85,251 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 7,831 കോടി രൂപയുടെ കമ്മി ബജറ്റാണ് മന്ത്രി മാണി അവതരിപ്പിച്ചത്. ബജറ്റിലെ നികുതി നിര്‍ദേശങ്ങളിലൂടെ 1,220 കോടി രൂപയുടെ അധികവിഭവ സമാഹരണമാണ് മന്ത്രി ലക്ഷ്യമിടുന്നത്. കൃഷിക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ ധനമന്ത്രി മാണി പാടെ വിസ്മരിച്ച്കളഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പും ഇപ്പോഴത്തെ അവസ്ഥയും ആരും തിരിഞ്ഞ് നോക്കുന്നില്ല. പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ലീഗല്‍ എയ്ഡ് സെല്‍, ക്ഷേമനിധി എന്നിവയുടെ പ്രവര്‍ത്തനം പ്രവാസികളെ അപമാനിക്കുന്നതരത്തിലാണെന്ന പരാതി വ്യാപകമാണ്. നേരത്തെ ലീഗല്‍ സെല്ലിന് വകയിരുത്തിയ രണ്ട് കോടി രൂപ എങ്ങനെ ചെലവിട്ടു എന്ന് സര്‍ക്കാര്‍ പഠനവിധേയമാക്കണം.
ധനമന്ത്രിയുടെ ബജറ്റില്‍ ആകര്‍ഷണീയമായത് ഭവന നിര്‍മാണപദ്ധതികളും ആരോഗ്യപരിപാലന പദ്ധതികളുമാണ്. 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണമേകുന്ന മൂന്ന് പദ്ധതികള്‍ക്കായി 482 കോടി രൂപ വകയിരുത്തി. ആരോഗ്യപരിപാലന രംഗത്ത് രാജ്യത്തും ലോകരാജ്യങ്ങള്‍ക്കിടയില്‍പോലും കേരളത്തിന് അഭിമാനാര്‍ഹമായ സ്ഥാനമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത് പഴങ്കഥ. ഈ സാഹചര്യത്തിലാകണം സംസ്ഥാനത്ത് നിലവിലുള്ള ആരോഗ്യ പദ്ധതികളെ ഒരു കുടക്കീഴിലാക്കി 500കോടി രൂപ ചെലവില്‍ “സമ്പൂര്‍ണ ആരോഗ്യ കേരളം” പദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചത്.
സ്വകാര്യ മേഖലക്ക് പങ്കാളിത്തം ഉറപ്പാക്കിസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ നിര്‍ദേശിക്കുന്നു. പ്രത്യേക കയറ്റുമതി മേഖലക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങളും ഇളവുകളും ഇതിനും അനുവദിക്കും. സംരംഭകര്‍ക്ക് സ്വന്തമായി 20 ഏക്കറില്‍ കുറയാത്ത ഭൂമി ഉണ്ടായിരിക്കണമെന്നും ഫീസിന്റെ 25 ശതമാനം പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് ഉപാധി. സംസ്ഥാനത്ത് 100 സ്‌കൂളുകളെ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. കോഴിക്കോട് നടക്കാവ് സ്‌കൂള്‍ മാതൃകയായി സ്വീകരിക്കുന്ന ഈ പദ്ധതിക്ക് എട്ട് കോടി വകയിരുത്തി. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് 61 കോടി വകയിരുത്തും. സര്‍വകലാശാലകള്‍ക്ക് 723.53 കോടി നീക്കിവെച്ചു. പാലക്കാട് ഐ ഐ ടിക്ക് ഭൂമി ഏറ്റെടുക്കാനും അടിസ്ഥാന സൗകര്യവികസനത്തിനും 50 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ഏറെ വിവാദമായിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് 600 കോടിരൂപയും കൊച്ചി മെട്രോക്ക് സംസ്ഥാന വിഹിതമായി 940 കോടി രൂപയും നല്‍കും. റബ്ബറിന് വില സ്ഥിരത ഉറപ്പാക്കാന്‍ നിധി സ്വരൂപിക്കും. കിലോഗ്രാമിന് 150രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കാന്‍ 300 കോടി രൂപ വിനിയോഗിക്കും. നെല്ല് സംഭരിക്കാന്‍ 300 കോടി രൂപ അനുവദിക്കും.
മുമ്പ് കേരളത്തിന് മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് കെ എം മാണി. അതിന് അദ്ദേഹത്തിന് അണിനിരത്താന്‍ നിരവധി ഘടകങ്ങളുമുണ്ടായിരുന്നു. ഇന്ന് സംസ്ഥാന ഖജനാവിന്റെ അവസ്ഥ പരിതാപകരമാണെന്ന് ധനമന്ത്രിപോലും സമ്മതിക്കുന്നു. ബജറ്റ് അവതരണം തടയാന്‍ നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം പതിനെട്ടടവും പയറ്റിയിട്ടും അതിനെയെല്ലാം അതിജീവിച്ചു എന്നതില്‍ ധനമന്ത്രി കെ എം മാണിക്ക് അഭിമാനിക്കാം. ബാര്‍ കോഴ വിവാദത്തില്‍ പെട്ട മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പോരാടിയെന്നതില്‍ പ്രതിപക്ഷത്തിനും അഭിമാനിക്കാം.

Latest