രണ്ട് ദിവസത്തിനകം തിക്‌രീത് പിടിച്ചടക്കുമെന്ന് ഇറാഖ് സൈന്യം

Posted on: March 15, 2015 10:48 am | Last updated: March 15, 2015 at 11:11 am
SHARE

334921-14-3-2015-d-gh3-oബഗ്ദാദ്: രണ്ട് ദിവസത്തിനുള്ളില്‍ ഇറാഖിലെ തന്ത്രപ്രധാനമായ നഗരം തിക്‌രീത്ത് ഇസില്‍ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഇറാഖ് സൈന്യം. തിക്‌രീത് പിടിച്ചെടുക്കാന്‍ 72 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരില്ലെന്നായിരുന്നു ഇന്നലെ സൈനിക വക്താവ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാഖ് സൈന്യവും സുന്നി, ശിയാ സഖ്യസേനകളും സംയുക്തമായി ശക്തമായ ആക്രമണം ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയിരുന്നു. ഇറാഖ്, സുന്നി, ശിയാ സൈന്യങ്ങള്‍ക്ക് പുറമെ ചില ഗോത്ര സൈന്യങ്ങളും യുദ്ധരംഗത്തുണ്ട്. വളരെ ചുരുങ്ങിയ തീവ്രവാദികള്‍ മാത്രമേ ഇനി നഗരത്തില്‍ അവശേഷിക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സൈന്യത്തിന്റെ മുന്നേറ്റം തടയാനും പരമാവധി ആളപായം സൃഷ്ടിക്കാനും വേണ്ടി വ്യാപകമായി ഇസില്‍ തീവ്രവാദികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായി ഭയപ്പെടുന്നു. നേരത്തെ തന്നെ ഇത്തരം ഭീഷണികളുള്ളതിനാല്‍ പലപ്പോഴും സൈന്യത്തിന്റെ മുന്നേറ്റം മന്ദഗതിയിലായിരുന്നു. ഇപ്പോള്‍ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി യുദ്ധത്തിന് താത്കാലിക വിരാമമിട്ടിരിക്കുകയാണെന്നും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും അനുയോജ്യമായ സമയത്ത് നഗരത്തിലേക്ക് ഇരച്ചുകയറാനാണ് സൈന്യത്തിന്റെ ശ്രമങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്.