ഇറാന്‍ വിഷയത്തില്‍ സുപ്രധാന ഭിന്നതകളുണ്ടെന്ന് കെറി

Posted on: March 15, 2015 10:42 am | Last updated: March 15, 2015 at 12:47 pm
SHARE

ap_john_kerry_jef_121221_wgവാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഇപ്പോഴും സുപ്രധാന വിടവുകളെ മറികടക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇറാനുമായുള്ള ചര്‍ച്ചകളുടെ ഉദ്ദേശ്യം എതെങ്കിലുമൊരു കരാറിലെത്തുകയെന്നുള്ളതല്ലെന്നും ശരിയായ കരാറിലെത്തുകയെന്നതാണെന്നും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ കെറി പറഞ്ഞു. കരാര്‍ സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിനില്‍ക്കെ കെറി നിക്ഷേപക സമ്മേളനത്തിന് ശേഷം സ്വിറ്റ്‌സര്‍ലാന്‍ഡില്‍വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇറാനെ ആണവ ബോംബ് നിര്‍മിക്കുന്നതില്‍ നിന്നും വിലക്കുന്ന കരാര്‍ സംബന്ധിച്ച രൂപരേഖ ഈ മാസം അവസാനത്തോടെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് വന്‍ ശക്തികളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത്. കരാറിലെത്താനുള്ള സമയപരിധി അടുത്തുവരികയാണ്. സമയം നിര്‍ണായകമാണെന്നും പറഞ്ഞ കെറി ശരിയായ കരാറിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. ഇരു വിഭാഗവും തമ്മില്‍ ജൂലൈ ഒന്നോടെ പൂര്‍ണമായ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കരാര്‍ സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകളെ വിമര്‍ശിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളുടെ മറുഭാഗം ആത്മാര്‍ഥതയില്ലാത്തതും പിറകില്‍നിന്നും കുത്തുന്നതുമാണെന്ന് ഖാംനഈയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈജിപ്തിലെ ശം അശൈഖ് നഗരത്തില്‍ നടക്കുന്ന നിക്ഷേപക സമ്മേളനത്തിന് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദുമായി കൂടിക്കാഴ്ച നടത്താന്‍ കെറി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസാനെ നഗരത്തിലേക്ക് തിരിക്കും. അമേരിക്കന്‍ മധ്യസ്ഥചര്‍ച്ച സംഘം അവിടെ കെറിയോടൊപ്പം ചേരും.