സിയറ ലിയോണ്‍ വൈസ് പ്രസിഡന്റ് സാമുവല്‍ സാം യു എസ് എംബസിയില്‍ അഭയം തേടി

Posted on: March 15, 2015 11:02 am | Last updated: March 15, 2015 at 11:02 am
SHARE

SamSumana2ഫ്രീടൗണ്‍: സിയറ ലിയോണ്‍ വൈസ് പ്രസിഡന്റ് സാമുവല്‍ സാം സുമാന അമേരിക്കന്‍ എംബസിയില്‍ അഭയം തേടി. ഇദ്ദേഹത്തിന്റെ വസതി സൈന്യം വളഞ്ഞതിനെ തുടര്‍ന്നാണ് ഈ നീക്കം. സിയറ ലിയോണയിലെ ഭരണകക്ഷിയായ ആള്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എ പി സി) ഇദ്ദേഹത്തെ ഈ മാസം ആദ്യം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമയാണ് ഐ പി സിക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ സാമുവല്‍ സാം സുമാന സ്വയം വിമത രാഷ്ട്രീയ നീക്കത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
തന്റെ ഭാര്യയോടൊപ്പം വീടു വിട്ട് ഓടിപ്പോന്നെന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകാത്ത ഒരു സ്ഥലത്താണെന്നും താന്‍ യു എസ് അംബാസിഡറുടെ സന്ദേശത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ എംബസിയിലേക്ക് ഇദ്ദേഹവും ഭാര്യയും പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.