നശീദിന്റെ അറസ്റ്റ്; ഇന്ത്യ പ്രതിഷേധിച്ചു

Posted on: March 15, 2015 10:52 am | Last updated: March 15, 2015 at 10:52 am
SHARE

ന്യൂഡല്‍ഹി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെതിരെ ദീര്‍ഘകാല തടവ് ശിക്ഷ വിധിച്ചതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നശീദിനെതിരെയുള്ള നടപടി ക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് നശീദിനെ ഭരണകൂടം തീവ്രവാദ കുറ്റം ചുമത്തി പതിമൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് തടങ്കിലാക്കിയത്. ക്രിമിനല്‍ കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി.
മാലദ്വീപിലെ പുതിയ സംഭവികാസങ്ങളില്‍ ഇന്ത്യക്ക് ഉത്കണ്ഠയുണ്ട്. മാലദ്വീപിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവായിരുന്നു നശീദ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നശീദിനെ തീവ്രവാദവിരുദ്ധ നിയമം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. പ്രസിഡന്റ് പദവിയിലിരുന്നവര്‍ക്ക് നല്‍കുന്ന പരിരക്ഷാ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് നശീദിനെ അറസ്റ്റ് ചെയ്തതെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളോട് നശീദിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കുകയാണ് നശീദ്.