തെലങ്കാന എം എല്‍ എമാരുടെ ശമ്പളം മൂന്ന് ലക്ഷമാക്കുന്നു

Posted on: March 15, 2015 10:51 am | Last updated: March 15, 2015 at 10:51 am
SHARE

ഹൈദരാബാദ്: തെലങ്കാനയിലെ നിയമസഭാ കാര്യ മന്ത്രി ടി ഹരീഷ് റാവു നടത്തുന്ന നീക്കങ്ങള്‍ വിജയിച്ചാല്‍ ഈ പുതിയ സംസ്ഥാനത്തെ എം എല്‍ എമാരുടെ പ്രതിമാസ ശമ്പളം മൂന്ന് ലക്ഷം രൂപയാകും. നിലവില്‍ ഇത് 1.20 ലക്ഷം രൂപയാണ്. രണ്ട് ലക്ഷം രൂപയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഭരണകക്ഷിയായ ടി ആര്‍ എസിലെ സാമാജികര്‍ തന്നെ മൂന്ന് ലക്ഷത്തിനായി വാദിച്ചതോടെയാണ് ‘ദാനശീലനായ’ മന്ത്രി ഇതിനായി നടപടികള്‍ തുടങ്ങിയത്.
ശമ്പളം രണ്ട് ലക്ഷമാക്കിയാല്‍ തന്നെ സര്‍ക്കാറിന് പ്രതിവര്‍ഷം 12.50 കോടി അധികബാധ്യതയുണ്ടാകും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. മന്ത്രി ഹരീഷ് റാവു കഴിഞ്ഞ ദിവസം ഏതാനും പ്രതിപക്ഷ എം എല്‍ എമാരെ കണ്ടിരുന്നു. ശമ്പള വര്‍ധനവിന് ആവശ്യമുന്നയിച്ച് കത്ത് നല്‍കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ശമ്പളം മൂന്ന് ലക്ഷമായി ഉയര്‍ത്തുന്നതിലുണ്ടാകാനിടയുള്ള എതിര്‍പ്പ് മറികടക്കുകയായിരുന്നു ലക്ഷ്യം. ശമ്പളം വര്‍ധിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം എം എല്‍ എമാരോട് പറയുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും ഓണറേറിയം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചില പ്രതിപക്ഷ എം എല്‍ എമാര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കം 18 അംഗ മന്ത്രിസഭയാണ് തെലങ്കാനയിലുള്ളത്. അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആറ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍ക്കും എം എല്‍ എമാരുടെ നിരക്കിലായിരിക്കില്ല ശമ്പളം ലഭിക്കുക.