Connect with us

National

മസ്‌റത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രത്തോട് കാശ്മീര്‍ സര്‍ക്കാര്‍

Published

|

Last Updated

ശ്രീനഗര്‍: ഹുര്‍റിയത് നേതാവ് മസാറത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ആലമിനെ കസ്റ്റഡിയിലെടുക്കാന്‍ പുതിയ കാരണമൊന്നുമില്ല. മൊത്തം 27 കേസുകളില്‍ 25 എണ്ണത്തില്‍ ജാമ്യം നല്‍കുകയും രണ്ടെണ്ണത്തില്‍ നിന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരില്‍ പ്രക്ഷോഭം സംഘടിപ്പിച്ച 2010 മുതല്‍ എട്ട് പ്രാവശ്യം പൊതു സുരക്ഷാ നിയമപ്രകാരം ആലമിനെതിരെ കേസ് ചുമത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി കസ്റ്റഡിയിലെടുത്തത്.
ജമ്മു കാശ്മീരീല്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ഈ കേസില്‍ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പി ഡി പി നേതാവ് ഫിര്‍ദൗസ് ടാക് പറഞ്ഞു. ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യാനല്ല മറിച്ച്, ചുമത്തിയ കേസുകളില്‍ സംസ്ഥാന പോലീസിന് പുറമെ മറ്റ് ഏജന്‍സികളും പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ബി ജെ പി നേതാവ് ചന്ദര്‍മോഹന്‍ ശര്‍മ പറഞ്ഞു. ആലമിനെ മോചിപ്പിച്ചത് രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം ശക്തമായ വിമര്‍ശം ഉന്നയിച്ചതിനെ തുടര്‍ന്ന് ആലമിനെതിരെയുള്ള മുഴുവന്‍ കേസുകളും അന്വേഷിക്കാനും നിരന്തരം നിരീക്ഷിക്കാനും സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. അതിപ്രധാന സുരക്ഷാ വിഷയമെന്ന കണ്ണിലൂടെയല്ല മറിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ആലമിനെ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം പി ഡി പിയെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആലമിനെ മോചിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 2010ലെ കല്ലേറ് സമരത്തിന്റെ വെറും ഉത്പന്നമായിരുന്നു ആലമെന്നും അയാള്‍ തോക്ക് ഒരിക്കലും ഉപയോഗിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആലമിനെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് തന്റെ പിതാവ് മുഫ്തി മുഹമ്മദ് സഈദ് ചെയ്തത്. സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നത് തെറ്റാണോ? പിന്നെന്താണ് ചെയ്യേണ്ടത്? കാശ്മീരിന്റെ കാര്യം വരുമ്പോള്‍ നിങ്ങളുടെ സ്വന്തം സുപ്രീം കോടതിയെ മാറ്റിവെക്കുകയാണോ? അതെങ്ങനെ സാധിക്കും. അവര്‍ ചോദിച്ചു.

Latest