Connect with us

National

ലഖ്‌വിയുടെ മോചനം തടഞ്ഞു; മുപ്പത് ദിവസം കൂടി ജയിലില്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക്കിസ്ഥാനിലെ ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സാകിയുര്‍റഹ്മാന്‍ ലഖ്‌വി ഒരു മാസം കൂടി ജയിലില്‍ തുടരും. ആദിയാല ജയിലില്‍ നിന്ന് ലഖ്‌വിയെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് പുറത്ത് വരാനിരിക്കെയാണ് പൊതു സുരക്ഷക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തി ലഖ്‌വിയെ വീണ്ടും ജയിലിലിടച്ചത്. 30 ദിവസത്തേക്കാണ് തടവ്. ലഖ്‌വി മോചിതനാകുന്നതില്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ (എം പി ഒ) ആക്ട് പ്രകാരം ലഖ്‌വിയെ മുപ്പത് ദിവസത്തേക്കു കൂടി തടവില്‍ പാര്‍പ്പിക്കുമെന്ന് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഞ്ചാബ് സര്‍ക്കാറിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ലഖ്‌വിയുടെ അഭിഭാഷകന്‍ രാജാ റിസ്‌വാന്‍ പറഞ്ഞു. ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ച ശേഷം ഇത് നാലാം തവണയാണ് പൊതു സുരക്ഷാ നിയമം പ്രയോഗിക്കുന്നത്.
അതിനിടെ, മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന് ധനസഹായം നല്‍കിയവരെയും ആക്രമണം നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ ഉറപ്പു നല്‍കിയതാണ്. ആ ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് യു എസ് വിദേശകാര്യ വക്താവ് ജെന്‍ സാകി പറഞ്ഞു.

Latest