വാട്ട്‌സ്ആപ്പിലെ ബലാത്സംഗ ദൃശ്യങ്ങള്‍: കേസെടുക്കാത്തതില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

Posted on: March 15, 2015 10:46 am | Last updated: March 15, 2015 at 10:46 am
SHARE

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രണ്ട് ബലാത്സംഗ ദൃശ്യങ്ങളില്‍ കേസെടുക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി വിശദീകരണം തേടി. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യു യു ലളിത് എന്നിവരടങ്ങിയ സാമൂഹിക നീതി ബഞ്ചിന്റെതാണ് നിര്‍ദേശം. കഴിഞ്ഞ വ്യാഴാഴ്ച, ഇതില്‍ സി ബി ഐ എട്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിന്റെ സബ്മിഷനില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് വന്ന ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 12 വരെ എന്ത് ചെയ്തുവെന്നാണ് ചോദ്യം. ഫെബ്രുവരില്‍ തന്നെ ഒന്നും ചെയ്തില്ലെന്നത് വലിയ നിരാശയാണുണ്ടാക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീം കോടതി ശാസിച്ചു. വാട്ട്‌സ്ആപ്പില്‍ രണ്ട് ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്ന കത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ക്കെതിരെ സി ബി ഐ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ബലാത്സംഗത്തിന് ഉത്തരവാദികളെ തിരിച്ചറിഞ്ഞ് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ വാദത്തിനിടെ കോടതി ഉത്തരവിട്ടിരുന്നു. വിവര സാങ്കേതിക മന്ത്രാലയവുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് നിയമ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കും. ഇത് എല്ലാം നശിപ്പിക്കുന്നതാണ്. ബഞ്ച് നിരീക്ഷിച്ചു.