പശ്ചിമ ബംഗാളില്‍ വൃദ്ധകന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

Posted on: March 15, 2015 10:44 am | Last updated: March 15, 2015 at 12:19 pm
SHARE

റാണാഘാട്ട്/ കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗംഗ്നപൂരില്‍ 71 കാരിയായ കന്യാസ്ത്രീയെ സംഘം കൊള്ളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. മുഖ്യമന്ത്രി മമത ബാനര്‍ജി സി ഐ ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പി ബി സലീം, ബലാത്സംഗക്കാര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുന്നതായി പറഞ്ഞു. റാണാഘാട്ട് സബ് ഡിവിഷനിലെ കോണ്‍വെന്റ് സ്‌കൂളില്‍ ഒരു സംഘം ഇരച്ച് കയറുകയായിരുന്നു. ഇവരില്‍ മൂന്നോ, നാലോ പേര്‍ മുതിര്‍ന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂളില്‍ നിന്ന് 12 ലക്ഷം രൂപ കവര്‍ന്ന ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അക്രമികളുടെ പിടിയില്‍ പെട്ട കന്യാസ്ത്രീയെ മര്‍ദിച്ച് അവശയാക്കുകയും ചെയ്തു. കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിനിരയായതായി അറിഞ്ഞത്. പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്‌കൂള്‍ കുട്ടികളും പ്രക്ഷോഭ രംഗത്തുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.