Connect with us

National

രാജ്യസഭയിലെ ശരദ് യാദവിന്റെ പരാമര്‍ശം വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയിലെ ചര്‍ച്ചക്കിടെ ദക്ഷിണേന്ത്യന്‍ സ്ത്രീകളെ പരാമര്‍ശിച്ച ജെ ഡി യു നേതാവ് ശരദ് യാദവ് പുലിവാല് പിടിച്ചു. ഇരുണ്ട തൊലിയുള്ള ദക്ഷിണേന്ത്യന്‍ യുവതികളുടെ ശരീരവും നൃത്തകഴിവുകളും ഭ്രമിപ്പിക്കുന്നതാണെന്ന പരാമര്‍ശമാണ് വിവാദമായത്. ശരദ് യാദവിനെതിരെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിട്ടുണ്ട്. യാദവിനെ ജെ ഡി യു ന്യായീകരിച്ചു.
ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് പരാമര്‍ശമുണ്ടായത്. സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഇത് വലിയ വിമര്‍ശത്തിനിടയാക്കി. ഇന്ത്യയില്‍ തൊലിവെളുപ്പുള്ളവരോട് പ്രത്യേക ഇഷ്ടം അനാവശ്യമാണെന്ന് ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26 മുതല്‍ 49 വരെ ശതമാനം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് യാദവ് പറഞ്ഞു. ഡല്‍ഹി കൂട്ടബലാത്സംഗ പ്രതിയുമായി അഭിമുഖം നടത്താന്‍ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന് എളുപ്പത്തില്‍ അനുമതി ലഭിച്ചത് അവരുടെ തൊലിവെളുപ്പ് കൊണ്ടാണ്. രവിശങ്കര്‍ പ്രസാദിനെ പോലെ നിങ്ങളുടെ ദൈവം കറുത്തതാണ്. എന്നാല്‍ വിവാഹ പരസ്യങ്ങള്‍ വെളുപ്പ് തൊലിയുള്ള ഇണകള്‍ക്ക് വേണ്ടിയാണ്. രാജ്യത്ത് നിന്ന് വെള്ളക്കാരെ തുരത്തിയോടിച്ച മഹാത്മാ ഗാന്ധി കറുത്തയാളായിരുന്നു. യാദവ് പറഞ്ഞു. തുടര്‍ന്നാണ് ദക്ഷിണേന്ത്യന്‍ യുവതികളെ പരാമര്‍ശിച്ചത്.
ഇതുകേട്ടയുടനെ ഡി എം കെ അംഗം കനിമൊഴി പ്രതിഷേധിച്ചു. 243 അംഗങ്ങളില്‍ പ്രതിഷേധിച്ച ഒരേയൊരാളാണ് കനിമൊഴി. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ശരദ് യാദവിന്റെ നിലപാട്.

Latest