Connect with us

Kerala

പിള്ളയെ മുന്നില്‍ നിര്‍ത്തി കേരള കോണ്‍. പുനരേകീകരണത്തിന് ശ്രമം

Published

|

Last Updated

കൊച്ചി: കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നില്‍ നിര്‍ത്തി കേരള കോണ്‍ഗ്രസ് പുനരേകീകരണത്തിന് നീക്കം. അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ എം മാണിയെ ഒഴിവാക്കി, ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ്(ബി), മുന്‍ കേന്ദ്രമന്ത്രി പി സി തോമസിന്റെ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റ് പാര്‍ട്ടി എന്നിവരും മാണി ഗ്രൂപ്പിലെ വിമതരെയും ഉള്‍പ്പെടുത്തിയാണ് കേരള കോണ്‍ഗ്രസ് പുനരേകീകരണത്തിന് ശ്രമം ആരംഭിച്ചിരിക്കുന്നത്.

ഇടത,് വലത് മുന്നണിക്കെതിരെ മൂന്നാം ബദല്‍ എന്ന കേരള കോണ്‍ഗ്രസിന്റെ രൂപവത്കരണ കാലത്തെ പ്രഖ്യാപിതനയം സാക്ഷാത്കരിക്കുകയാണ് പാര്‍ട്ടി പുനരേകീകരണത്തിന്റെ ലക്ഷ്യം. കേരള കോഗ്രസ് (ബി) നേതാക്കളുമായും പി സി തോമസുമായും ഇതുസംബന്ധിച്ച് ആദ്യവട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇരുവര്‍ക്കും അനുകൂല നിലപാടാണ് ഇക്കാര്യത്തിലുള്ളതെന്നാണ് അറിയുന്നത് . യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണപിള്ള എല്‍ ഡി എഫ് അല്ലെങ്കില്‍ ഇത്തരമൊരു കൂട്ടായ്മയാണ് മുന്നില്‍ കാണുന്നത്. പി സി തോമസും കേരള കോണ്‍ഗ്രസ് ഏകീകരണത്തിന്റെ ആവശ്യം നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കകം നിലപാടിനോട് യോജിക്കുന്ന മുഴുവന്‍ പേരെയും പങ്കെടുപ്പിച്ച് ഔദ്യോഗിക ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി പുനരേകീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുരവിള മാത്യു പറഞ്ഞു.
അരുവിക്കര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുനരേകീകരണ കാര്യത്തില്‍ ഏകദേശരൂപം ഉണ്ടാക്കാനാണ് ശ്രമം. യു ഡി എഫ്-എല്‍ ഡി എഫ് മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഒരു മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന ബി ജെ പിയുടെ പിന്തുണയും കേരളകോണ്‍ഗ്രസ് പുനരേകീകരണ ശ്രമത്തിന് പിന്നിലുണ്ട്. നേരത്തെ തന്നെ എന്‍ ഡി എ നിലപാടുകളോട് യോജിപ്പുള്ള പി സി തോമസിനൊപ്പം പിള്ളയും മാണി ഗ്രൂപ്പിലെ ചില പ്രമുഖരും യോജിക്കുന്നതോടെ ശക്തമായ ഒരു പാര്‍ട്ടി രൂപപ്പെടുകയും അവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കഴിയുകയും ചെയ്താല്‍ ഏറെ ഗുണം ചെയ്യുമെന്നുമാണ് ബി ജെ പി നേതൃത്വം കരുതുന്നത്. അങ്ങനെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തന്നെ പുതിയ പാര്‍ട്ടിയുടെ പിന്തുണയോടെ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാനാണ് ബി ജെ പിയുടെ നീക്കം.
അതിനിടെ അരുവിക്കരസീറ്റ് കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റിന് നല്‍കണമെന്ന് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി ഏയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചാല്‍ കേരള ലോയേഴ്‌സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. രജിത പി ജേക്കബിനെയോ, കേരള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. പത്മകുമാറിനേയോ മത്സരിപ്പിക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ പിള്ളയുടെയും പി സി തോമസിന്റെയും പിന്തുണ ഈ സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.