ലഡു വിതരണം ശരിയായില്ല; സഭയിലെ സംഘര്‍ഷത്തില്‍ ഭരണപക്ഷം ഇടപെട്ടതിനെതിരെ വിമര്‍ശം

Posted on: March 15, 2015 10:40 am | Last updated: March 15, 2015 at 10:40 am
SHARE

chairതിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടത് ശരിയായില്ലെന്ന് ഒരു വിഭാഗം എം എല്‍ എമാര്‍. ധനമന്ത്രിക്കും, മുഖ്യമന്ത്രിക്കും സംരക്ഷണം നല്‍കാന്‍ സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടെന്നിരിക്കെ ഈ ജോലി ഭരണപക്ഷ അംഗങ്ങള്‍ ഏറ്റെടുത്തത് ശരിയായില്ലെന്നാണ് ഇവരുടെ അഭിപ്രായം. ബജറ്റ് സമ്മേളന ദിനത്തില്‍ സഭ വന്‍സംഘര്‍ഷത്തിലേക്ക് നീങ്ങിയിട്ടും കെ പി സി സി ഉപാധ്യക്ഷന്‍ കൂടിയായ വി ഡി സതീശന്‍, കോണ്‍ഗ്രസിലെ യുവ എം എല്‍ എ. വി ടി ബല്‍റാം, ലീഗ് പ്രതിനിധിയായ ടി എ അഹമദ് കബീര്‍ എന്നിവര്‍ തങ്ങളുടെ സീറ്റില്‍ തന്നെ ഇരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ നിര്‍ണായക ദിനത്തില്‍ സഭയില്‍ നിന്ന് വിട്ടു നിന്ന ടി എന്‍ പ്രതാപന്റെ അസാന്നിധ്യവും കൗതുകകരമായിരുന്നു. മാതാവിനൊപ്പം ആശുപത്രിയിലായിരുന്നതിനാലാണ് സഭയിലെത്താന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.
കെ എം മാണിക്ക് വേണ്ടി യു ഡി എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ പക്ഷം. കെ എം മാണിക്ക് വേണ്ടി കൈയാങ്കളിക്ക് പോകേണ്ട ആവശ്യമില്ലായിരുന്നെന്നും അതിന്റെ പേരില്‍ നടത്തിയ പ്രകടനങ്ങള്‍ മോശമായെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സഭയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും, അക്രമങ്ങളുണ്ടാകുമ്പോള്‍ പിടിച്ചുമാറ്റാനും അറസ്റ്റ് ചെയ്യാനും ധാരാളം വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ഉണ്ടായിരിക്കെ ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടത് വിപരീത ഫലമാണുളവാക്കിയത്. ലൈംഗിക ആരോപണങ്ങളുള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഇടാക്കിയത് ഈ സംഭവമാണ്. ബജറ്റ് മേശപ്പുറത്ത് വെച്ച ശേഷം ലഡു വിതരണം നടത്തിയതിനെതിരെയും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ലഡുവിതരണത്തിനെതിരെ മന്ത്രി കെ സി ജോസഫും, ചീഫ്‌വിപ്പ് പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ലഡു വിതരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കെ സി ജോസഫിന്റെ അഭിപ്രായം. ഇത്തരം പ്രകടനങ്ങള്‍ക്ക് വേണ്ടിയല്ല എം എല്‍ എമാരെ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചതെന്നും അതുകൊണ്ട് സംഭവത്തില്‍ മുഴുവന്‍ എം എല്‍ എമാരും ജനങ്ങളോട് മാപ്പ് പറയണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.