Connect with us

National

രാഹുലിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ഡല്‍ഹി പോലീസ് ശേഖരിച്ചത് വിവാദമാകുന്നു. രാഹുലിന്റെ ശരീരഘടന, കണ്ണിന്റെയും മുടിയുടെയും നിറം തുടങ്ങിയ വിവരങ്ങളാണ് ഡല്‍ഹി പോലീസ് ശേഖരിച്ചത്. ഡല്‍ഹി പോലീസിലെ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജതിന്‍ നര്‍വാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞയാഴ്ച 12 തുഗ്ലക് ലൈനിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്. രണ്ട് ദിവസം മുമ്പാണ് വിവരശേഖരണം നടന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സിക്ക് കൈമാറിയിട്ടുണ്ട്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലും പാര്‍ലിമെന്റിലുമുണ്ട്. എസ് പി ജി സുരക്ഷയും ഇസഡ് പ്ലസ് സുരക്ഷയുമുള്ളയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിന്നെ എന്തിനാണ് ഈ വിവരശേഖരണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി ചോദിച്ചു. ഇപ്പോള്‍ നടന്നത് രാഷ്ട്രീയ ചാരവൃത്തിയാണെന്ന് സിംഘ്‌വി കുറ്റപ്പെടുത്തി. ഒരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നത് കുറ്റമാണെന്നും രാഹുല്‍ ഗാന്ധി ഒന്നും മറച്ചുവെക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു.
ആരോപണങ്ങള്‍ നിഷേധിച്ച ഡല്‍ഹി പോലീസ്, നടന്നത് സുരക്ഷ പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണെന്ന് വിശദീകരിച്ചു. വ്യക്തിപരമായ ഒന്നും ചോദിച്ചിട്ടില്ലെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എല്‍ കെ അഡ്വാനി, വീരപ്പ മൊയ്‌ലി തുടങ്ങിയവരുടെ വസതികളിലും പോലീസ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.
പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് അവധിയെടുത്ത രാഹുല്‍ ഗാന്ധി എവിടെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ രാഹുല്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.