നടപടി ഉറപ്പ്; ആര്‍ക്കെതിരെ എന്നതില്‍ അവ്യക്തത

Posted on: March 15, 2015 10:17 am | Last updated: March 16, 2015 at 10:39 am
SHARE

chairതിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടി വരും. എന്നാല്‍, എത്രപേര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒഴികെ ശേഷിക്കുന്നവരെല്ലാം ഇരിപ്പിടം വിട്ട് പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. അതിനാല്‍ തന്നെ ആര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നതാണ് സ്പീക്കറെ കുഴക്കുന്നത്. രാജ്യാന്തര തലത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നടപടിയെടുക്കാതെ പോകുന്നത് നീതികരിക്കാനാകില്ലെന്നാണ് സര്‍ക്കാറിന്റെ പൊതുവികാരം. വിഷയത്തില്‍ ഇടപെട്ട ഗവര്‍ണറും നടപടി സ്വീകരിക്കണമെന്ന വികാരമാണ് പങ്കുവെക്കുന്നത്. പ്രതിപക്ഷം തിങ്കളാഴ്ച സ്വീകരിക്കുന്ന നിലപാട് കൂടി നോക്കിയ ശേഷം നടപടി മതിയെന്ന ചിന്തയും ഭരണതലത്തിലുണ്ട്. ബജറ്റ് അവതരിപ്പിച്ചെന്ന നിലപാട് പ്രതിപക്ഷം അംഗീകരിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധം തുടരുമെന്നുറപ്പാണ്. അച്ചടക്ക നടപടിയുണ്ടായാല്‍ പ്രതിഷേധത്തിന്റെ ശക്തി വര്‍ധിക്കുകയും ചെയ്യും. ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നാകും പ്രതിപക്ഷ നിലപാട്.

തന്നെ തടഞ്ഞതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി വേണ്ടെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ ഡയസില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന ആലോചനയാണ് ഭരണപക്ഷത്തുള്ളത്. ജി സുധാകരന്‍, ഡോ. ടി എം തോമസ് ഐസക്ക്, സി ദിവാകരന്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ വരെ ഡയസില്‍ കയറിയവരുടെ കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഡയസില്‍ കയറി ഉപകരണങ്ങള്‍ നശിപ്പിക്കുകയും കസേര വലിച്ചെറിയുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചേക്കും. കെ കുഞ്ഞമ്മദ് മാസ്റ്റര്‍, വി ശിവന്‍കുട്ടി, കെ അജിത്ത്, ഇ പി ജയരാജന്‍ തുടങ്ങിയവരാണ് ഇക്കൂട്ടത്തില്‍. സ്പീക്കറുടെയും ഭരണപക്ഷത്തെ ഡസ്‌കില്‍ കയറിയവരെ കൂടി പരിഗണിച്ചാല്‍ ഇവര്‍ക്ക് പുറമെ ജയിംസ് മാത്യു, കെ കെ ലതിക, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
എം എല്‍ എമാരെ പ്രതിചേര്‍ത്ത് കേസെടുത്താല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ടി വരും. പ്രതിപക്ഷത്തിന്റെ തുടര്‍നീക്കങ്ങളെ ആശ്രയിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. മുമ്പൊരിക്കല്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചവരെ താക്കീത് ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവരെ സസ്‌പെന്‍ഡ് ചെയ്യുകയും ശേഷിക്കുന്നവരെ താക്കീത് ചെയ്യുകയും വേണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച സഭ ചേരുന്നതിന് മുമ്പ് ചേരുന്ന യു ഡി എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാകും അന്തിമ തീരുമാനം.
അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷകക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. സഭയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് നാളെ രാവിലെ തന്നെ സ്പീക്കര്‍ പ്രതിപക്ഷത്തെ ചര്‍ച്ചക്ക് വിളിക്കുമെന്നാണ് വിവരം. അതേസമയം, ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം. ബജറ്റ് അവതരിപ്പിച്ചുവെന്ന് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അതിനാല്‍ നാളെ തുടങ്ങുന്ന ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയുമില്ല. ചോദ്യോത്തര വേളയില്‍ തന്നെ വിഷയം ഉന്നയിക്കും. നാളെ രാവിലെ ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാകും തുടര്‍നീക്കങ്ങളില്‍ തീരുമാനമെടുക്കുക. വനിതാ എം എല്‍ എമാരെ മര്‍ദിച്ചെന്ന ആരോപണം ലൈവ് ആയി നിര്‍ത്താനാണ് പ്രതിപക്ഷനീക്കം. എല്‍ ഡി എഫ് മഹിളാ സംഘടനകള്‍ നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

മ്യൂസിയം പോലീസ്
കേസെടുത്തു
തിരുവനന്തപുരം: നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്ന് കാണിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തു. ആരെയും പ്രതിചേര്‍ത്തിട്ടില്ല. തത്കാലം തുടര്‍നടപടികള്‍ വേണ്ടെന്ന് സ്പീക്കര്‍ അറിയിച്ചതിനാല്‍ ആരെയും പ്രതിചേര്‍ക്കാതെയാണ് കേസെടുത്തിരിക്കുന്നത്. നിയമസഭയില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് നിയമസഭാ സെക്രട്ടറി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്.