Connect with us

Kerala

ഹര്‍ത്താല്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് സര്‍വീസുകള്‍ നിലച്ചു. ടാക്‌സികളും ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളും ഓടിയില്ല. തൊഴില്‍ മേഖലയാകെ സ്തംഭിച്ചു. ജനജീവിതം തടസ്സപ്പെടുത്തിയ ഹര്‍ത്താലില്‍ ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമാണ്.

ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ സമരാനുകൂലികളെ പോലീസ് ക്രൂരമായി നേരിട്ടു. പോലീസുകാര്‍ക്കൊപ്പം എസ് പി നേരിട്ടിറങ്ങിയാണ് വഴിയരികില്‍ നിന്നവരെ ഉള്‍പ്പെടെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചിലയിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പാറശ്ശാല, നെയ്യാറ്റിന്‍കര, ഏഴംകുളം, നേമം, പള്ളേക്കടവ്, അടൂര്‍ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ കണ്ണിന് പരുക്കേറ്റു. കെ എസ് ആര്‍ ടി സി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയിരുന്നില്ല.
കാസര്‍കോട് ജില്ലയില്‍ നിന്ന് മംഗളൂരുവിലേക്കും സുള്ള്യയിലേക്കും തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലേക്കുമുള്ള നൂറിലധികം സര്‍വീസുകള്‍ മുടങ്ങി. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അവസാനിപ്പിച്ചു.
കോട്ടയം മണര്‍കാട് വിജയപുരം സര്‍വീസ് സഹകരണ ബേങ്കിനു നേരെയും കോട്ടയം ബി സി എം കോളജിന് എതിര്‍വശത്തുള്ള എസ് ബി ഐയുടെ എ ടി എമ്മിനു നേരെയും കല്ലേറുണ്ടായി. പാലക്കാട്, തിരുവനന്തപുരം ഡി സി സി ഓഫീസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വടകര അഴിയൂരില്‍ സോഷ്യലിസ്റ്റ് ജനതയുടെ ഓഫീസിനും നേരെയും ആക്രമണമുണ്ടായി.
തൊടുപുഴയില്‍ പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ച സമരാനുകൂലികളെ പോലീസ് വിരട്ടിയോടിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരെ സഹായിക്കുന്ന “നോ ടു സേ ഹര്‍ത്താല്‍” എന്ന സംഘടനയുടെ വാഹനത്തിന് നേരെയും ചിലയിടങ്ങളില്‍ ആക്രമണമുണ്ടായി.
മലപ്പുറം കൊണ്ടോട്ടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വോള്‍വോ ബസ്സിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന കെ ടി സിയുടെ വോള്‍വോ ബസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി.
എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഹര്‍ത്താലിനെ നേരിടാന്‍ സര്‍ക്കാറും ആഭ്യന്തര വകുപ്പും എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിവിധയിടങ്ങളില്‍ യാത്രക്കാരുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ വലഞ്ഞു.

Latest