356-ാം വകുപ്പ് ഓര്‍മിപ്പിച്ച് ഗവര്‍ണര്‍

Posted on: March 15, 2015 10:12 am | Last updated: March 16, 2015 at 10:39 am
SHARE

sadasivamതിരുവനന്തപുരം: ബജറ്റ് ദിനം നിയമസഭയിലുണ്ടായത് ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ചുപോലും റിപ്പോര്‍ട്ട് നല്‍കാവുന്ന സംഭവങ്ങളാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഭരണസ്തംഭനം ഉണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കുന്നത് 356-ാം വകുപ്പ് പ്രകാരമാണ്. നിയമസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നല്‍കുന്നതിനെ പോലും ന്യായീകരിക്കാവുന്ന തരത്തിലുള്ള സംഭവങ്ങളാണ് സഭയിലുണ്ടായതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ മോശമായി പെരുമാറിയ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു . സംഭവത്തെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബജറ്റിന്റെ കാര്യത്തില്‍ ഇടപെടുന്നില്ല. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് സ്പീക്കറും നിയമസഭാ സെക്രട്ടറിയും അറിയിച്ചതായും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ പാലിച്ചല്ല ബജറ്റ് അവതരണമെന്നും കെ എം മാണിയല്ലാത്ത മറ്റൊരാളെ കൊണ്ട് വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. നിയമസഭയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ബി ജെ പിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജ്ഭവനിലെത്തി സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തു. സ്പീക്കര്‍ എന്‍ ശക്തനും നിയമസഭാ സെക്രട്ടറി പി ശാര്‍ങ്ഗധരനും സഭയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ഗവര്‍ണര്‍ നിലപാട് അറിയിച്ചത്.
സഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വേണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതരമാണ് കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങള്‍. മോശമായി പെരുമാറിയ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയമസഭയുടെ ഭാഗമാണെന്ന നിലയില്‍ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്പീക്കറുടെ കസേരയും മൈക്കും പ്രതിപക്ഷ അംഗങ്ങള്‍ തകര്‍ത്തുവെന്നും പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ ധനമന്ത്രിയെ സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചുവെന്നും ധനമന്ത്രി ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിച്ചുവെന്നും നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. ഇന്നലെ സ്പീക്കര്‍ നല്‍കിയ കത്തില്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുമുണ്ട്.
പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെക്കുറിച്ചുള്ള നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെപ്പോലും വളരെ മോശമായാണ് പെരുമാറിയത്. നിയമനിര്‍മാണ സഭയുടെ പ്രധാനഭാഗമെന്ന നിലയില്‍ ഈ സംഭവങ്ങളില്‍ കനത്ത ആശങ്കയുണ്ട്. ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസ്സാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 31നകം ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ പാസ്സാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് ചട്ടപ്രകാരം തന്നെയാണെന്ന് രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണറെ അറിയിച്ചിരുന്നു. ബജറ്റിന് സാധുതയില്ല എന്ന് പ്രതിപക്ഷ വാദത്തില്‍ കഴമ്പില്ല. സഭയിലുണ്ടായ അക്രമങ്ങളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിച്ചു. ചരിത്രത്തിലില്ലാത്ത സംഭവങ്ങളാണ് ഇന്നലെ സഭയിലുണ്ടായത്. സഭാനേതാവെന്ന നിലക്ക് ഇക്കാര്യത്തില്‍ അതീവ ദുഃഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് പ്രതിപക്ഷം പരാതി നല്‍കിയത്. ഭരണഘടനാപരമായി ബജറ്റ് അവതരണം നടന്നിട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. വെള്ള യൂനിഫോം ധരിച്ച കോണ്‍ഗ്രസ് ഗുണ്ടകളെ നിയോഗിച്ചു സര്‍ക്കാര്‍ തങ്ങളെ നീചമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു.