Connect with us

Ongoing News

ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ ആറാം ജയം

Published

|

Last Updated

ഓക്‌ലാന്‍ഡ്: ക്യാപ്റ്റന്‍ കൂള്‍, ഗ്രേറ്റ് ഫിനിഷര്‍ എന്നീ വിശേഷണങ്ങള്‍ അന്വര്‍ഥമാക്കിക്കൊണ്ട് മഹേന്ദ്ര സിംഗ് ധോണി നിറഞ്ഞു നില്‍ക്കുകയും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ സുരേഷ് റെയ്‌ന പ്രതിഭയോട് നീതിപുലര്‍ത്തുകയും ചെയ്തപ്പോള്‍ പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ലോകകപ്പില്‍ തുടരെ ആറ് ജയങ്ങളുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ച ഇന്ത്യ 19ന് മെല്‍ബണില്‍ സെമിഫൈനല്‍ ബെര്‍ത്തിനായി ബംഗ്ലാദേശിനെ നേരിടും.
സ്‌കോര്‍ : സിംബാബ്‌വെ 48.5 ഓവറില്‍ 287, ഇന്ത്യ 48.4 ഓവറില്‍ 288/4.
110 റണ്‍സുമായി പുറത്താകാതെ നിന്ന സുരേഷ് റെയ്‌നയാണ് മാന്‍ഓഫ് ദ മാച്ച്. ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍ സിക്‌സറടിച്ച് ഫിനിഷ് ചെയ്ത ക്യാപ്റ്റന്‍ ധോണിയാണ് ദിശാബോധമുള്ള ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. റെയ്‌ന ഒരു ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടത് മുതല്‍ക്ക് ധോണി സഹതാരത്തിന്റെ ശ്രദ്ധ പാളിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു. 92ന് നാല് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ടീം ഇന്ത്യയുടെ സമ്മര്‍ദം മുഴുവന്‍ ഏറ്റെടുത്തായിരുന്നു ക്യാപ്റ്റന്‍ കൂള്‍ ടീമിനെ ലക്ഷ്യത്തോടടുപ്പിച്ചത്.
2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ലക്ഷ്യം പിന്തുടരുമ്പോള്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ ധോണി കിരീടത്തിലേക്ക് നയിച്ച ഇന്നിംഗ്‌സിനെ അനുസ്മരിപ്പിക്കുന്നതായി ഓക്‌ലാന്‍ഡില്‍ ഇന്നലെ 76 പന്തുകളില്‍ നേടിയ 85 റണ്‍സ്. രണ്ട് സിക്‌സും എട്ട് ഫോറും ധോണിയുടെ അവസരോചിത ഇന്നിംഗ്‌സിന് മാറ്റേകി. 104 പന്തുകള്‍ നേരിട്ട റെയ്‌ന നാല് സിക്‌സറും ഒമ്പത് ഫോറുകളും നേടി. ഓപണര്‍മാരായ രോഹിത് ശര്‍മയും (16), ശിഖര്‍ധവാനും (4) നിരാശപ്പെടുത്തി. രണ്ട് പേരും പന്യങ്കര എറിഞ്ഞ ഏഴാം ഓവറിലാണ് പുറത്തായത്. ആദ്യ പന്തില്‍ രോഹിത് സികന്ദര്‍ റാസക്ക് ക്യാച്ചയപ്പോള്‍ അഞ്ചാം പന്തില്‍ ധവാന്‍ ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു പന്യങ്കര നല്‍കിയത്. എന്നാല്‍, വിരാട് കോഹ്‌ലിയും രജാനെയും ടീം സ്‌കോര്‍ അര്‍ധസെഞ്ച്വറി കടത്തി ടെന്‍ഷന്‍ കുറച്ചു. ടീം സ്‌കോര്‍ 71 ല്‍ രഹാനെ റണ്ണൗട്ടായത് കഥമാറ്റി. 21 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും വിരാട് കോഹ്‌ലിയിലൂടെ നാലാം വിക്കറ്റും നഷ്ടം, 92/4 !
2015 ലോകകപ്പില്‍ തുടരെ ആറാം ജയം ഇന്ത്യക്ക് അപ്രാപ്യമാകുമെന്ന തോന്നലുളവാക്കി. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ 196 റണ്‍സിന്റെ തകര്‍ക്കാന്‍ പറ്റാത്ത കൂട്ടുകെട്ടുണ്ടാക്കി ധോണിയും റെയ്‌നയും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പില്‍ ഇന്ത്യയുടെ ആറാമത്തെ മികച്ച കൂട്ടുകെട്ടാണിത്. അതേ സമയം, ലക്ഷ്യം പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇവരുടേതായി. അഞ്ച് ദിവസം മുമ്പ് ഇതേ ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ശിഖര്‍ ധവാനും രോഹിത് ശര്‍മയും സൃഷ്ടിച്ച 174 റണ്‍സിന്റെ റെക്കോര്‍ഡാണ് ധോണി-റെയ്‌ന സഖ്യം തിരുത്തിയത്.

വിട പറയലില്‍ ടെയ്‌ലറുടെ
ഹീറോയിസം
നേരത്തെ, സിംബാബ്‌വെ ബാറ്റിംഗും തകര്‍ച്ചയോടെയായിരുന്നു. 33/3 എന്ന നിലയില്‍ നാണക്കേട് തുറിച്ചു നോക്കിയ സിംബാബ്‌വെയെ മാന്യമായ സ്‌കോറിലെത്തിച്ചത് രാജ്യാന്തര കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (110 പന്തില്‍ 138). 15 ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ടെയ്‌ലറുടെ എട്ടാമത്തെ ഏകദിന സെഞ്ച്വറി. സിംബാബ്‌വെക്കായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ടെയ്‌ലറാണ്. പതിയെ തുടങ്ങിയ ടെയ്‌ലര്‍ അവസാന 29 പന്തുകളിലാണ് ഏഴുപത് റണ്‍സോളം അടിച്ചെടുത്തത്. നാലാം വിക്കറ്റില്‍ സീന്‍ വില്യംസിനൊപ്പം (50) 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ ക്രെയ്ഗ് ഇര്‍വിനൊപ്പം 80 പന്തില്‍ നേടിയ 109 റണ്‍സ് കൂട്ടുകെട്ടും നിര്‍ണായകമായി. സ്പിന്നര്‍മാരെയാണ് ടെയ്‌ലര്‍ പ്രധാനമായും ആക്രമിച്ചത്. അശ്വിനും ജഡേജയും കൂടി 86 റണ്‍സാണ് ടെയ്‌ലര്‍ക്ക് വഴങ്ങിയത്.
2015 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി, ഒരു ഫിഫ്റ്റി ഉള്‍പ്പടെ ബ്രെന്‍ഡര്‍ ടെയ്‌ലറുടെ ആകെ റണ്‍സ് 433. ലോകകപ്പ് ചരിത്രത്തില്‍ സിംബാബ്‌വെയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവും ഇതാണ്. 167 ഏകദിനങ്ങള്‍ കളിച്ച ബ്രെണ്ടന്‍ ടെയ്‌ലര്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ തുടരും. മൂന്ന് വര്‍ഷത്തേക്ക് നോട്ടിംഗ്ഹാഷെറുമായി കരാറുണ്ട്.

യഥാര്‍ഥ നായകനായി ധോണി
സുരേഷ് റെയ്‌നക്ക് ഒരു ലൈഫ് കിട്ടിയ ഉടനെ ധോണി വന്നെന്തോ ഉപദേശിച്ചു. അതിന് ശേഷമാണ് റെയ്‌ന ലക്ഷ്യം മറക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. മത്സരശേഷം റെയ്‌ന ധോണി തനിക്ക് നല്‍കിയ ഉപദേശം വ്യക്തമാക്കി. എല്ലാ പന്തും അടിക്കാനുള്ളതല്ല, മോശം പന്തുകള്‍ തിരഞ്ഞെടുക്കുക. ധോണി ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി കളിച്ചത് ഈ ധാരണയില്‍ നിന്ന് ഒട്ടും വ്യത്യചലിക്കാതെയായിരുന്നു. മോശം പന്തുകളെ മാത്രമായിരുന്നു ധോണി ശിക്ഷിച്ചത്. സിംഗിളെടുത്തും ഡബിളെടുത്തും ധോണി ഇന്നിംഗ്‌സിന്റെ നെടുംതൂണായി. റെയ്‌നക്ക് ഹിറ്റ് ചെയ്യാന്‍ എളുപ്പമുള്ള ബൗളര്‍മാര്‍ വരുമ്പോള്‍ ധോണി സ്‌ട്രൈക്ക് കൈമാറുവാനും ശ്രദ്ധിച്ചു.
അങ്ങേയറ്റത്തെ സമ്മര്‍ദത്തെ ധോണി അതിജീവിച്ചത് സ്‌ട്രൈക്ക് കൈമാറിയുള്ള കൂള്‍ ബാറ്റിംഗിലൂടെയായിരുന്നു. വിരാട് കോഹ്‌ലി ബാറ്റിംഗിനിറങ്ങിയപ്പോള്‍ മുതല്‍ക്ക് ടീം ടെന്‍ഷന്‍ അനുഭവിച്ചുവെന്ന് ധോണി പറയുന്നു. മറ്റൊന്നും കൊണ്ടല്ല, 287 റണ്‍സ് ലക്ഷ്യം പിന്തുടരുമ്പോള്‍ കോഹ്‌ലിക്ക് നേരത്തെ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത് തിരിച്ചടിയാകുമെന്ന് ടീം വിശ്വസിച്ചു. ഇത് ശരിവെക്കും വിധം കോഹ്‌ലി പതിവിന് വിപരീതമായി ക്ലീന്‍ ബൗള്‍ഡായി.
അതും സികന്ദര്‍ റാസയുടെ സ്പിന്നിന് മുന്നില്‍. സ്പിന്നറെ മികച്ച രീതിയില്‍ നേരിടുന്ന കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത് സമ്മര്‍ദം കൊണ്ടായിരുന്നു. നോക്കൗട്ട് മത്സരത്തിന്റെ സമ്മര്‍ദം ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ നിറഞ്ഞുനിന്നുവെന്നതാണ് യാഥാര്‍ഥ്യം. മീറ്റ് ദ പ്രസില്‍ ധോണി ഇത് തുറന്നുപറയുകയും ചെയ്തു. ധോണിക്കൊപ്പം മുമ്പ് പലതവണ മധ്യനിരയില്‍ ഒരുമിച്ചു കളിച്ചിട്ടുള്ള സുരേഷ് റെയ്‌നക്ക് സിംബാബ്‌വെക്കെതിരായ ജയത്തില്‍ അത്ഭുതമില്ല. ധോണി മികച്ച ഫിനിഷറാണ്. അദ്ദേഹം ഒപ്പമുണ്ടാകുമ്പോള്‍ സമ്മര്‍ദം കുറയും. അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചാല്‍ ഉടനെ ധോണി വന്ന് നിര്‍ദേശം നല്‍കും-റെയ്‌ന മത്സരശേഷം പറഞ്ഞു.

സ്‌കോര്‍ കാര്‍ഡ്
സിംബാബ്‌വെ ഇന്നിംഗ്‌സ്: ചമു ചിബാബ 7 സി ശിഖര്‍ ധവാന്‍ ബി മുഹമ്മദ് ഷമി, ഹാമില്‍ട്ടണ്‍ മസാകസ 2 സി ധോണി ബി ഉമേഷ് യാദവ്, സോളമന്‍ മിറെ 9 സി ധോണി ബി മൊഹിത് ശര്‍മ, ബ്രെന്‍ഡന്‍ ടെയ്‌ലര്‍ 138 സി ധവാന്‍ ബി മൊഹിത് ശര്‍മ, സീന്‍ വില്യംസ് 50 സി&ബി അശ്വിന്‍, ക്രെയ്ഗ് ഇര്‍വിന്‍ 27 സി&ബി മൊഹിത് ശര്‍മ, സിക്കന്ദര്‍ റാസ 28 ബി മുഹമ്മദ് ഷമി, റെഗിസ് ചകാബ 10 സി രോഹിത് ശര്‍മ ബി ഉമേഷ് യാദവ്, ടിനാഷെ പന്യങ്കര 6 സി യാദവ് ബി മുഹമ്മദ് ഷമി, തവാന്‍ഡ മുപാരിവ 1 നോട്ടൗട്ട്, തെന്‍ഡെയ് ചതാര 0 ബി ഉമേഷ് യാദവ്, എക്‌സ്ട്രാസ് 9, ആകെ 48.5 ഓവറില്‍ 287ന് ആള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1 -11(മസാകസ,3.3 ഓവര്‍), 2-13 (ചിബാബ, 4.3), 3-33(മിറെ,10.6), 4-126(സീന്‍ വില്യംസ്, 28.3), 5-235(ടെയ്‌ലര്‍, 41.5), 6-241(ഇര്‍വിന്‍, 43.1), 7-276(സികന്ദര്‍ റാസ, 45.6), 8-285(പന്യങ്കര, 47.3), 9-286 (ചകാവ,48.1), 10-287 (ചതാര,48.5).
ബൗളിംഗ്: മുഹമ്മദ് ഷമി 9-48-3, ഉമേഷ് യാദവ് 9.5-43-3, മൊഹിത് ശര്‍മ 10-48-3, അശ്വിന്‍ 10-75-1, ജഡേജ 10-71-0.

ഇന്ത്യ ഇന്നിംഗ്‌സ്: രോഹിത് ശര്‍മ 16 സി സികന്ദര്‍ റാസ ബി പന്യങ്കര, ശിഖര്‍ ധവാന്‍ 4 ബി പന്യങ്കര, വിരാട് കോഹ്‌ലി 38 ബി സികന്ദര്‍ റാസ, അജിങ്ക്യ രഹാനെ 19 റണ്ണൗട്ട്, സുരേഷ് റെയ്‌ന 110 നോട്ടൗട്ട്, മഹേന്ദ്ര സിംഗ് ധോണി 85 നോട്ടൗട്ട്, എക്‌സ്ട്രാസ് 16, ആകെ 48.4 ഓവറില്‍ നാല് വിക്കറ്റിന് 288.
വിക്കറ്റ് വീഴ്ച: 1-21(രോഹിത് ശര്‍മ,6.1 ഓവര്‍), 2-21 (ധവാന്‍ ,6.5), 3-71(രഹാനെ, 16.3), 4-92(കോഹ്‌ലി, 22.4).
ബൗളിംഗ്: ടിനാഷെ പന്യങ്കര 8.4-53-2, തെന്‍ഡെയ് ചതാര 10-59-0, മുപാരിവ 10-61-0, സോളമന്‍ മിറെ 5-29-0, സീന്‍ വില്യംസ് 5-31-0, സികന്ദര്‍ റാസ 8-37-1, മസാകസ 2-15-0.

Latest