തിരൂരങ്ങാടിയില്‍ ശ്രദ്ധേയമായ പദ്ധതികള്‍

Posted on: March 14, 2015 11:00 am | Last updated: March 14, 2015 at 11:22 am
SHARE

തിരൂരങ്ങാടി: സംസ്ഥാന ബഡ്ജറ്റില്‍ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു.
ദീര്‍ഘകാലം കേരളത്തിലെ വിവിധ വകുപ്പുകളുടെ മന്ത്രിയായും, പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയോടെ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച പരേതനായ കെ അവുക്കാദര്‍കുട്ടി നഹയുടെ സ്മാരകമായി പൊതുമരാമത്ത് വകുപ്പിലെ വിവിധ ഓഫീസുകള്‍ക്കായി പരപ്പനങ്ങാടിയില്‍ ഒരു പി ഡബ്ല്യൂ ഡി കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിക്കപ്പെട്ട ഒ. ചന്തുമേനോന്റെ സ്മരണക്കായി പരപ്പനങ്ങാടിയില്‍ രണ്ട് കോടി രൂപ ചെലവില്‍ കോടതി സമുച്ചയം നിര്‍മിക്കും.
പരപ്പനങ്ങാടിയിലെ നിര്‍ദ്ദിഷ്ട എല്‍ ബി എസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഇവിടെ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 10 കോടി രൂപയില്‍ തിരൂരങ്ങാടി ഹജ്ജൂര്‍ കച്ചേരി ചരിത്രപൈതൃക മ്യൂസിയമാക്കുന്നതിനുള്ള തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നേരത്തെ ഭരണാനുമതി ലഭിച്ച, തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് നാല് കോടി രൂപയും, വെന്നിയൂര്‍ ജംഗ്ഷന്‍ സ്ഥലം ഏറ്റെടുത്ത് നവീകരിക്കുന്നതിന് ഏഴ് കോടി രൂപയും, തൃക്കുളം തെയ്യാല റോഡ് ബി എം ആന്‍ഡ് ബി സി ചെയ്ത് നവീകരിക്കുന്നതിന് 9.3 കോടി രൂപയും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ പ്രസവ വാര്‍ഡ് നിര്‍മിക്കുന്നതിന് 3.22 കോടി രൂപയും, എടരിക്കോട്-പുതുപ്പറമ്പ് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 4.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പാലത്തിങ്ങല്‍ പാലം പുനര്‍ നിര്‍മിക്കുന്നതിനും, പാലത്തിങ്ങല്‍ ന്യൂകട്ട് പാലം നിര്‍മിക്കുന്നതിനും, തെയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് നവീകരണത്തിനും, പരപ്പനങ്ങാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനും, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്ക് ഐ പി ബ്ലോക്ക് നിര്‍മാണത്തിനും, പെരുമണ്ണക്ലാരി, തെന്നല പഞ്ചായത്തുകളിലെ വിവിധ ജലസേചന കുളങ്ങളുടെ നവീകരണത്തിനും തിരൂരങ്ങാടി സബ്ട്രഷറി നവീകരണത്തിനും ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.