മഞ്ചേരി കോടതി കെട്ടിടത്തിന് 14.85 കോടി

Posted on: March 14, 2015 11:21 am | Last updated: March 14, 2015 at 11:21 am
SHARE

judgeമഞ്ചേരി: ഇന്നലെ മന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തില്‍ നിര്‍മിക്കുന്ന പുതിയ ആറു നില കെട്ടിടത്തിന് 14.85 കോടി രൂപ വകയിരുത്തി.
മഞ്ചേരി കോടതി കെട്ടിട സമുച്ചയത്തിലെ മൂന്നാം അതിവേഗ കോടതി, ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, തൊണ്ടി മുതലുകളുടെ സ്റ്റോര്‍, കാര്‍ പാര്‍ക്കിംഗ് ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് എല്‍ ഷേപ്പിലുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനായി ഗ്രൗണ്ട് ഫ്‌ളോറില്‍ സൗകര്യമൊരുക്കും.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ എന്നിവ ഒന്നാം നിലയിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍ രണ്ടാം നിലയിലും പ്രവൃത്തിക്കും. ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ് സി – എസ് ടി സ്‌പെഷ്യല്‍ കോടതിയും പുതുതായി സ്ഥാപിക്കാനുദ്യേശിക്കുന്ന അഡീഷണല്‍ ജെ എഫ് സി എം കോടതിയും മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കും. നാല്, അഞ്ച് നിലകളില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികളും ആറാം നിലയില്‍ ലൈബ്രറി, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, വക്കീല്‍ ഗുമസ്തമന്‍മാരുടെ ഹാള്‍ എന്നിവ സജ്ജീകരിക്കും.
മിനി സിവില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മീഡിയേഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയേക്കും. മഞ്ചേരിയില്‍ പുതുതായി ആരംഭിക്കാനിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിക്കും ഈ കെട്ടിടത്തില്‍ ഇടമുണ്ടാകും. പ്ലാന്‍ പ്രകാരം മെഷ്യന്‍ റൂം ടെറസില്‍ സംവിധാനിക്കും.
മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള ബൈപ്പാസ് റോഡിന് 5 കോടി രൂപ, മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നാലു കോടി രൂപ, ഫയര്‍‌സ്റ്റേഷന് 50 ലക്ഷം രൂപ എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
നിലവിലുള്ള സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മെഡിക്കല്‍ കോളജിലേക്ക് അക്വയര്‍ ചെയ്ത സാഹചര്യത്തില്‍ പകരം പുതിയ ടൂറിസ്റ്റ് ബംഗ്ലാവ് സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.