സംസ്ഥാനപാത നവീകരണം; ജില്ലയിലെ 260 ഓളം തണല്‍ മരങ്ങള്‍ക്ക് കോടാലി വീഴുന്നു

Posted on: March 14, 2015 11:11 am | Last updated: March 14, 2015 at 11:11 am
SHARE

കാസര്‍കോട്: കെ എസ് ടി പി പാത നവീകരണത്തിന്റെ പേരില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വ്യാപകമായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി തുടങ്ങി. ജില്ലയിലെ സംസ്ഥാനപാതയ്ക്കരികിലുള്ള 260-ഓളം തണല്‍ മരങ്ങളാണ് നവീകരണത്തിന്റെ പേരില്‍ ഘട്ടംഘട്ടമായി മുറിച്ചുമാറ്റുന്നത്.
ഇതിനകം നൂറുകണക്കിനു മരങ്ങള്‍ സംസ്ഥാന പാതയോരത്തുനിന്നും മുറിച്ചുമാറ്റിക്കഴിഞ്ഞു. ഇനി 250ലേറെ മരങ്ങള്‍ മുറിച്ചുനീക്കാനാണ് തൊഴിലാളികള്‍ക്ക് കെ എസ് ടി പി കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്നതെന്നതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് ഈ മരങ്ങള്‍ ഘട്ടംഘട്ടമായി മുറിക്കാന്‍ കെ എസ് ടി പി അനുവാദം കൊടുത്തത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള തണല്‍ മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പലപ്പോഴും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും അത് ഫലം കണ്ടിരുന്നില്ല. പാത നവീകരണം പൂര്‍ത്തിയായ ശേഷവും ഉദുമയില്‍ മരങ്ങള്‍ മുറിക്കുന്നത് കഴിഞ്ഞ ആഴ്ച നാട്ടുകാര്‍ തടഞ്ഞെങ്കിലും പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തൊഴിലാളികള്‍ക്ക് മരം മുറിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. ഉദുമയിലെ മാവേലി സ്‌റ്റോറിലും മറ്റ് ഓഫീസുകളിലും ചിലപ്പോള്‍ ജനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവുമ്പോള്‍ തണലേകി ആശ്വാസം പകര്‍ന്നിരുന്ന മരങ്ങളാണ് മുറിച്ച് നീക്കിയത്. ഓട്ടോ സ്റ്റാന്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവക്കു വേണ്ടിയാണ് ഇവിടെ ഇരുപതോളം മരങ്ങള്‍ വെട്ടുന്നതെന്നാണ് വിശദീകരണം. അതേ സമയം കാഞ്ഞങ്ങാട് വരെയുളള നിരവധി മരങ്ങള്‍ അനാവശ്യമായി മുറിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് അധികൃതര്‍ക്കും ഉത്തരമില്ല.
പഞ്ചായത്തധികൃതരുടെയോ പരിസ്ഥിതി വകുപ്പിന്റെയോ അനുമതി മരം മുറിക്കാന്‍ ഇനി ആവശ്യമില്ലെന്നാണ് കരാര്‍ തൊളിലാളികള്‍ പറയുന്നത്. മരം മുറിക്കുന്നത് തടയാന്‍ ആവശ്യമായ ഇടപെടല്‍ പരിസ്ഥിതി സംഘടനകള്‍ നടത്തുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ഉദുമയിലെ തണല്‍ മരങ്ങള്‍ കരാര്‍ തൊഴിലാളികള്‍ മുറിച്ച് മാറ്റുന്ന ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാനുമായി ബന്ധപ്പെടാം.